Skip to main content

ജില്ലയിലെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നഗരസഞ്ചയത്തിൽ ഉൾപ്പെടുത്തി

 

 

ജില്ലയിൽ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നഗരസഞ്ചയ പ്രദേശത്തിൽ ഉൾപ്പെടുത്തിയതായി ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ  സമിതി ചെയർമാൻ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.  വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക്  യോഗം അംഗീകാരം നൽകി.

കുടിവെള്ളം, ശുചിത്വം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് നഗരസഞ്ചയ പ്രദേശങ്ങളിൽ പദ്ദതികൾ നടപ്പാക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാതല നിർദേശങ്ങൾ കൂടി പരിഗണിച്ച് ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള തീരുമാനം ആഗസ്ത് 22 ന് മുൻപായി ഭരണസമിതി യോഗം ചേർന്ന് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു യോഗത്തിൽ ആവശ്യപ്പെട്ടു.

35 ഗ്രാമപഞ്ചായത്തുകളും 10 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് നഗരസഭകളും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നഗരസഞ്ചയത്തിൽ ഉൾപ്പെടുന്നത്.  ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളിലായാണ് പദ്ധതികൾ നടപ്പിലാക്കാവുന്നത്. ജില്ലാ തലത്തിൽ വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ചുചേർത്ത് പൊതുവായ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.  

യോഗത്തിൽ 91 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ  18 മേഖലകളിലായി വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാ പദ്ധതി പുരോഗതി ട്രാക്കറിൻ്റെ  പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി നിർവ്വഹിച്ചു. വിവിധ പദ്ധതികളുടെ ഓരോ മാസത്തെ പുരോഗതി ഈ ട്രാക്കറിൽ അപലോഡ്  ചെയ്യും. ഇതു വഴി ഒരു പദ്ധതിയുടെ നിലവിലെ പുരോഗതി മനസിലാക്കാൻ സാധിക്കും. കേവലം ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രമായുള്ളതല്ല  മറിച്ച് പൊതുജനങ്ങൾക്ക് അവരുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് അറിയാനും അഭിപ്രായം രേഖപ്പെടുത്താനും സാധിക്കുമെന്ന പ്രത്യേകതയും ട്രാക്കറിനുണ്ട്. ആദ്യ ഘട്ടമെന്ന നിലക്ക് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ഈ സേവനം ഉപയോഗപ്പെടുത്താവുന്നത്.

കോർപ്പറേഷൻ മേയർ ചെയർമാനും സെക്രട്ടറി കൺവീനറുമായാണ് നഗരസഞ്ചയ പദ്ധതിയുടെ ആസൂത്രണം നടത്തുന്നത്. നഗരസഞ്ചയങ്ങൾക്ക് പ്രത്യേക ഉദ്ദേശ ഗ്രാൻ്റായാണ് ഫണ്ട് നൽകുന്നത്.  കുടിവെള്ള പദ്ധതി - നടത്തിപ്പ്,  മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണവും ജലസ്രോതസ്സുകളുടെ പരീക്ഷണവും, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിൻറെ പുനരുപയോഗവും പുനചംക്രമണവും, ശുചിത്വം, നഗര മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കൽ, പൊതുവായ മാലിന്യസംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കാണ് പ്രധാന്യം നൽകുന്നത്.

കടലുണ്ടി, കുന്നുമ്മൽ, അഴിയൂർ, വില്യാപ്പള്ളി, ബാലുശ്ശേരി, പെരുമണ്ണ, കക്കോടി, മാവൂർ, വളയം, നാദാപുരം, ചോറോട്, മണിയൂർ, കീഴരിയൂർ, ഉള്ളിയേരി, നന്മണ്ട, കുരുവട്ടൂർ, പെരുവയൽ, ചെക്യാട്, എടച്ചേരി, ആയഞ്ചേരി, മേപ്പയൂർ, നടുവണ്ണൂർ, ചേമഞ്ചേരി, ചേളന്നൂർ, കുന്ദമംഗലം, ഒളവണ്ണ, തൂണേരി, ഏറാമല, തിരുവള്ളൂർ, തുറയൂർ, പനങ്ങാട്, തിക്കോടി, അത്തോളി, തലക്കുളത്തൂർ, ചാത്തമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളും വടകര, രാമനാട്ടുകര, മുക്കം, കൊയിലാണ്ടി, പയ്യോളി, കൊടുവള്ളി, ഫറോക്ക് നഗരസഭകളും, തൂണേരി, വടകര, തോടന്നൂർ, മേലടി, ബാലുശ്ശേരി, പന്തലായനി, കോഴിക്കോട്, ചേളന്നൂർ, കുന്ദമംഗലം, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകളും കോഴിക്കോട് ജില്ലാ പഞ്ചായത്തുമാണ് നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

യോഗത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല അവലോകനവും അതിൻ്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പ്രവർത്തന റിപ്പോർട്ടും ചർച്ച ചെയ്തു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി. ഇതിനുപുറമേ ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ പരമ്പരാഗത തെരുവുവിളക്കുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്.

വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്, പ്ലാനിങ് ഓഫീസർ എൻ കെ  ശ്രീലത, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു .

--

date