Skip to main content

കാലവര്‍ഷം: 16.879 കോടിയുടെ കൃഷിനാശം

 

കാലവര്‍ഷത്തില്‍ ബുധനാഴ്ചവരെയുള്ള (ആഗസ്റ്റ് 12) അഞ്ച് ദിവസങ്ങളില്‍ ജില്ലയില്‍ 16.879 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ജില്ലയില്‍ 6826 കര്‍ഷകരുടെ 452.94 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണു നാശം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക കണക്ക്. 

ഏറ്റവും കൂടുതല്‍ എണ്ണം നാശനഷ്ടം ഉണ്ടായിരിക്കുന്നതു വാഴ കര്‍ഷകര്‍ക്കാണ്. 115.67 ഹെക്ടര്‍ സ്ഥലത്തെ 1809 കര്‍ഷകരുടെ 1,74,988 കുലച്ചവാഴകള്‍ കാലവര്‍ഷത്തില്‍ നശിച്ചു. 81.12 ഹെക്ടര്‍ സ്ഥലത്തെ 1567 കര്‍ഷകരുടെ 1,04,221 കുലയ്ക്കാത്ത വാഴകളും കാലവര്‍ഷത്തില്‍ നശിച്ചു. 

നെല്ല്, പച്ചക്കറി, റബ്ബര്‍, തെങ്ങ്, കുരുമുളക്, കിഴങ്ങ് വര്‍ഗങ്ങള്‍, മരച്ചീനി, വെറ്റിലകൊടി, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, കരിമ്പ്, ജാതി എന്നീ വിളകള്‍ക്കാണ് പ്രധാനമായും നാശം ഉണ്ടായിരിക്കുന്നത്. പന്തളം, പളളിക്കല്‍, തോന്നല്ലൂര്‍, ആറന്മുള, കുളനട, മെഴുവേലി, തുമ്പമണ്‍, തെക്കേക്കര, മല്ലപ്പുഴശേരി, ചെറുകോല്‍, കോയിപ്രം, പുറമറ്റം, നിരണം, മല്ലപ്പള്ളി, കോട്ടാങ്ങല്‍, കല്ലൂപ്പാറ, കുന്നംന്താനം, ഏനാദിമംഗലം, കൊടുമണ്‍, കോന്നി, മൈലപ്ര, പ്രമാടം, വള്ളിക്കോട്, റാന്നി അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, തോട്ടമണ്‍, എന്നീ സ്ഥലങ്ങളിലാണ് കൃഷിനാശം വ്യാപകമായി ഉണ്ടായിരിക്കുന്നത്.

കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. കൃഷി ഭവനില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൃഷിഇടങ്ങള്‍ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍ പെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിനു സര്‍ക്കാരിനു സമര്‍പ്പിക്കും.

date