കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ മികച്ച മാതൃക: -മന്ത്രി എ.സി. മൊയ്തീന്
മിനി സിവില്‍ സ്റ്റേഷന് മാതൃകയില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഇടപെടല്‍ മികവിന്റെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയമായാലും മഹാരോഗങ്ങളായാലും ഏത് പ്രതിസന്ധികളും നേരിടാന്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനപക്ഷ ക്ഷേമ - രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മഹാമാരിക്കാലത്തെ അതിജീവിക്കാന്‍ പ്രാദേശിക ജനപ്രതിനിധികളുടെ നിസ്തുലമായ സേവനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങളില്‍ പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണ്. ഇത് തിരിച്ചറിഞ്ഞ് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യരംഗത്ത് സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന പ്രത്യേക പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് മന്ത്രി എ.സി മൊയ്തീന് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്ത് പാട്ടത്തിനെടുത്ത 34 സെന്റ് സ്ഥലത്ത് 2.6 കോടി രൂപ ചെലവിലാണ് കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാക്കിയത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഇരുനില കെട്ടിടം കാളികാവ് ബ്ലോക്ക് പരിധിയിലെ മിനി സിവില്‍ സ്റ്റേഷന് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു പുറമെ ബ്ലോക്കിലെ അനുബന്ധ ഓഫീസുകളും ഇനി പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. ആധുനിക രീതിയിലാണ് ഓരോ ഓഫീസുകളും ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പി.വി. അന്‍വര്‍, എ.പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ മുഖ്യ അതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. അബ്ദുള്‍ നാസര്‍, വി. അസൈനാര്‍, മുനീഷ കടവത്ത്, നസീമ തറമ്മല്‍, തെറ്റത്ത് ബാലന്, പി. ഷൗക്കത്തലി, ആലീസ് മേരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കേശവദാസ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments