Skip to main content

പോത്തുകല്ല്, എളങ്കൂര്‍ സബ്സ്റ്റേഷനുകള്‍  മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

 

പോത്തുകല്ല് 33 കെ വി സബ്സ്റ്റേഷന്‍, എളങ്കൂര്‍ 220 കെവി  സബ്സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) വൈകീട്ട്  മൂന്നിന്  മുഖ്യമന്ത്രി പിണറായി വിജയന്‍  നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടക്കുന്ന ചടങ്ങില്‍  വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനാവും. പോത്തുകല്ല് സബ്‌സ്റ്റേഷന്‍ ഉദ്ഘടന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എയും എളങ്കൂരില്‍  പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും  മുഖ്യാതിഥിയാവും.  എളങ്കൂര്‍ സബ്സ്റ്റേഷന്‍ ശിലാഫലകം അഡ്വ. എം ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും.

പോത്തുകല്ല് പഞ്ചായത്തിലെ പൂളപ്പാടത്ത് വെള്ളിമുറ്റം - പൂളപ്പാട് ബൈപാസ് റോഡിനരികില്‍ 80.4 സെന്റിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ആഢ്യന്‍പാറ പവര്‍ ഹൗസില്‍ നിന്നും പോത്തുകല്ല് വരെ 9.5 കിലോ മീറ്റര്‍ സിംഗിള്‍  സര്‍ക്യൂട്ട് 33 കെവി ലൈന്‍ നിര്‍മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. നിലവില്‍ 11 കെവി ഫീഡറുകളാണ് വൈദ്യുതി വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്.പോത്തുകല്ല്, അകംപാടം, ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തിലെ   ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാവും.

തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ ചെറാങ്കുത്ത് 6.51ഏക്കറിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 36 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ സബ്‌സ്റ്റേഷനാണിത്. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍,  എടക്കര എന്നീ സബ്‌സ്റ്റേഷനുകളിലേക്ക് 110 കെ.വി ലൈനുകള്‍ വഴിയും ആനക്കയം, തൃക്കലങ്ങോട്, വണ്ടൂര്‍, എടവണ്ണ, തിരുവാലി, പാണ്ടിക്കാട് എന്നീ ഭാഗങ്ങളിലേക്ക് 11 കെവിയുടെ ആറ് ഫീഡറുകള്‍ വഴിയും പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും. സബ്സ്റ്റേഷന്‍ പരിസരങ്ങളില്‍ നടക്കുന്ന  ചടങ്ങില്‍ ജനപ്രതിനിധികളും കെ എസ്ഇ.ബി ജീവനക്കാരും പങ്കെടുക്കും.
 

date