Skip to main content

ആവേശമുയര്‍ത്തി വയലാവടക്ക് സ്‌കൂളില്‍ വിളവെടുപ്പ് ഉത്സവം

    ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ വള്ളിക്കോട് പഞ്ചായത്തിലെ വയലാവടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം നടന്നു. സ്‌കൂളിന്റെ 88-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി     അധ്യക്ഷ എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു.
 വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ മൈലക്കുളത്തിന്റെ കരയിലുള്ള 25 സെന്റോളം വരുന്ന സ്ഥലം സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് സ്‌കൂള്‍ പിറ്റിഎയ്ക്ക് ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയിരുന്നു. ജലസമൃദ്ധമായ ഈ സ്ഥലത്ത് രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും കൂട്ടായ്മയില്‍ വിളവിറക്കി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ പൂര്‍ണമായും ഉത്പാദിപ്പിച്ച് തുടങ്ങിയിരുന്നു. ചീര, വെണ്ട, ക്യാബേജ്, വഴുതന, മുളക്, പയര്‍, ചോളം, വാഴ, ചേന എന്നിവയാണ് കൃഷിയിറക്കിയിരുന്നത്. ഇതില്‍ ചീര, വെണ്ട, പയര്‍, വഴുതന ഇവയില്‍ നിന്നും വിളവ് ലഭിച്ചുതുടങ്ങി. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. 
സ്‌കൂളിന്റെ 88-ാമത് വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് ഉദ്ഘാടനം  ചെയ്തു. സ്‌കൂള്‍ പിടിഎ സമാഹരിച്ച തുക ചെലവഴിച്ച് നവീകരിച്ച ഓഫീസ് മുറിയുടെയും കംപ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി നിര്‍വഹിച്ചു. കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ മഴവില്ല് വാര്‍ഷികപ്പതിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അമ്പിളി ജി.നായര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ മുതിര്‍ന്ന പൂര്‍വവിദ്യാര്‍ഥികളായ നെടുമ്പറമ്പില്‍ രാഘവന്‍ നായര്‍, കരുണാകരന്‍ എന്നിവരെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നിര്‍മല സാം ആദരിച്ചു. സ്‌കൂളിലെ മുന്‍ അധ്യാപിക രാധാമണിയമ്മ, ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി സ്റ്റാര്‍ ഫെയിം നരിയാപുരം ഗോപു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജയ്‌സി കോശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.പി.ശ്രീഷ്, ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, അധ്യാപകരായ കെ.ആര്‍.ജയശ്രീ, കെ.ശശികല, എസ്എസ്ജി അംഗങ്ങളായ ഡി.സത്യവാന്‍, എ.ആര്‍.രഘുനാഥന്‍ നായ ര്‍, എന്‍.വിജയന്‍, മുരളീധരന്‍, വേണു, നവോദയ ക്ലബ് പ്രസിഡന്റ് ബിജു, മാമൂട് പബ്ലിക് ലൈബ്രറി സെക്രട്ടറി വിജയമോഹനന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പന്തളം കുട്ടികൃഷ്ണനും സംഘവും നാടന്‍ പാട്ട് അവതരിപ്പിച്ചു.            

 

date