ഉള്ളിയേരി പഞ്ചായത്ത് ശുചിത്വ പദവിയിൽ
സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ഉള്ളിയേരി പഞ്ചായത്ത് അർഹത നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. പഞ്ചായത്തിൽ നടന്ന ചടങ്ങ് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയത്. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് ചന്ദ്രിക പൂമഠത്തിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയായ നിർമ്മലം ഉർവരം എന്റെ ഉള്ളിയേരി പദ്ധതിയിലൂടെ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം,ക്യാരിബാഗ്, ഫ്ലക്സ് നിരോധനം, സ്ഥാപനങ്ങളിലും ആഘോഷങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ, പൊതു ശുചിമുറി, ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻന്റെഭാഗമായി മാതാംതോട്, കാടാതോട് എന്നിവയുടെ ശുചീകരണം, 80 ശതമാനം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ വാങ്ങി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന
ഹരിത കർമ്മ സേന യുടെ പ്രവർത്തനം, ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ, റിംഗ് കമ്പോസ്റ്റ്, കമ്പോസ്റ്റ് കുഴി നിർമ്മാണം,
പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നടപടി സ്വീകരിക്കൽ, ഹരിത സ്വയംസഹായ സ്ഥാപനത്തിന്റെ സേവനം നിർവഹണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തൽ,
സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും ശീല വൽക്കരണത്തിനുമായി ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ശുചിത്വ ഭവനം ക്യാംമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾ ശുചിത്വ പദവി നേടിയെടുക്കാൻ കാരണമായി.
പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഉള്ളിയേരി ടൗണിൽ തുമ്പൂർമുഴി യൂണിറ്റ്, വേ സൈഡ്ഗേജ്, റിംഗ് കമ്പോസ്റ്റ് എന്നിവ നടപ്പിലാക്കി. മുഴുവൻ വാർഡുകളിലും മിനി എം സി എഫ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ റോഡരികിൽ സ്ഥാപിക്കുന്ന ബോക്സ് ചടങ്ങിൽ ഹരിതകർമ്മസേനയ്ക്ക് കൈമാറി.
ചടങ്ങിൽ വി.ഇ.ഒ സബിത, ഒള്ളൂർ ദാസൻ, സന്തോഷ് സി.എം തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇന്ദു. എ സ്വാഗതവും രമേശൻ എൻ എം നന്ദിയും പറഞ്ഞു.
- Log in to post comments