Skip to main content

110 കെ.വി സബ്സ്റ്റേഷന്‍ ആഗസ്ത് 17 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കുറ്റിക്കാട്ടൂര്‍ 110 കെ.വി സബ് സ്റ്റേഷന്‍ ആഗസ്ത് 17 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്കും നഗര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട സബ് സ്റ്റേഷനുകളില്‍ ഒന്നായ കുറ്റിക്കാട്ടൂര്‍ 66 കെ.വി സബ് സ്റ്റേഷന്‍റെ ശേഷി 110 കെ.വിയായി ഉയര്‍ത്തിയിരിക്കുകയാണ്. ഇവിടെ 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കുകയും 40 എം.വി.എയിലേക്ക് സ്ഥാപിതശേഷി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ്, കേരളാ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകള്‍, വ്യാവസായിക പവര്‍ ഇന്‍റന്‍സീവ് യൂണിറ്റുകള്‍ തുടങ്ങിയ ജില്ലയിലെ പല പ്രധാനപ്പെട്ട ഉപഭോക്താക്കള്‍ക്കുമുള്ള വൈദ്യുതി കുറ്റിക്കാട്ടൂര്‍ സബ്സ്റ്റേഷനില്‍ നിന്നാണ് ലഭ്യമാക്കുന്നത്.

ചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ ശിലാഫലക അനാഛാദനം നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

--

date