കോമല്ലൂർ മോളേത്ത് പള്ളിക്ക് തെക്കുവശത്തുള്ള തരിശു പാടശേഖരത്തില്‍ കൃഷിയിറക്കും - പഞ്ചായത്ത് പ്രസിഡന്‍റ്
ആലപ്പുഴ :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 40 ഹെക്ടർ സ്ഥലത്ത് കൂടി നെൽകൃഷി ആരംഭിക്കുമെന്ന് ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്തിലെ കാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പരിപാടിയുടെ ഭാഗമായി കർഷകർക്ക് ഇടവിള കൃഷിക്കുള്ള വിത്തുകളും വിതരണം ചെയ്തു.
നിലവിൽ പഞ്ചായത്തിലെ 220 ഹെക്ടർ സ്ഥലത്താണ് കൃഷിയുള്ളത്. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വൃന്ദാവൻ പാടശേഖരത്തിന്റെ ഭാഗമായുള്ള കോമല്ലൂർ മോളേത്ത് പള്ളിക്ക് തെക്കുവശത്തുള്ള തരിശു പാടശേഖരത്തിലാണ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കൃഷിയിറക്കുക. പാടശേഖത്തിലെ നിലം ഉടമകൾ അഞ്ച് ദിവസത്തിനകം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡന്റ് സുരേഷ് പുലരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ്. ശോഭാ കുമാരി, സബീന റഹീം, പഞ്ചായത്ത് അംഗം സവിതാ സുധി , കൃഷി ഓഫീസർ സരിത വി.എസ്, പി. പങ്കജാക്ഷൻ തുടങ്ങിയവർ സന്നിഹിതരായി.
- Log in to post comments