ഓണാഘോഷം :വ്യവസായ വ്യാപാര, വാണിജ്യ, സർക്കാർ അർദ്ധ സർക്കാർ, കേന്ദ്രസർക്കാർ, ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങളിൽ നിയന്ത്രങ്ങൾ
ആലപ്പുഴ: ഓണക്കാലത്തെ തിരക്ക് കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുനുള്ള സാഹചര്യം മുന്നിൽ കണ്ട് വ്യവസായ വ്യാപാര, വാണിജ്യ, സർക്കാർ അർദ്ധ സർക്കാർ, കേന്ദ്രസർക്കാർ, ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല കളക്ടർ ഉത്തരവായി. ഓണക്കാലത്ത് ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് രോഗവ്യാപനത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തിയതിനെ തുടർന്നാണ് ഉത്തരവ്.
ക്രമീകരണങ്ങൾ
സ്ഥാപനങ്ങളുടെ ഉടമസ്ഥർ /മേലധികാരികൾ /ചുമതലയുള്ളവർ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, ആളുകൾ കൂട്ടം കൂടുന്നില്ലന്നും, കോവിഡ്18 മാനദണ്ഡ പ്രകാരമുള്ള മാസ്ക്ക് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ധരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ ക്യു ആർ കോഡ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം, ക്യു ആർ സ്കാനിങ് സംവിധാനം ഇല്ലാത്ത ഉപഭോക്താക്കൾ എത്തുന്ന സാഹചര്യത്തിൽ ഇവരുടെ ഫോൺ നമ്പർ സഹിതമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം.
പത്ത് വയസിനു താഴെയുള്ള കുട്ടികളും അറുപത് വയസിന് മുകളിലുള്ള മുതിർന്നവരും സ്ഥാപനങ്ങളിൽ എത്തുന്നില്ലെന്നും ഉറപ്പ് വരുത്തണം.
അഞ്ചുജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ തെർമൽ സ്കാനിംഗ് സംവിധാനം നിർബന്ധമായും ഏർപ്പെടുത്തുകയും, ഇതിനായി സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ നിയോഗിക്കുകയും വേണം.
സ്ഥാപനങ്ങളിൽ എയർ ക്കണ്ടീഷണർ പൂർണമായും ഒഴിവാക്കണം, എല്ലാ ദിവസവും സ്ഥാപനങ്ങളും പരിസരവും അണുവിമുക്ക്തമാക്കേണ്ടതുമാണ്.
വസ്ത്ര സ്ഥാപനങ്ങളിൽ ട്രയൽ റൂം ഉപയോഗിക്കുന്നില്ലെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം.
ഓണാഘോഷ പരിപാടികൾ പരമാവധി ലളിതമായും സാമൂഹിക അകലം പാലിച്ച്, കോവിഡ് മാനദണ്ഡ പ്രകാരമാണ് നടത്തുന്നതെന്ന് സ്ഥാപന മേധാവികൾ ഉറപ്പാക്കണം
പൂക്കൾക്കായി പ്രാദേശികമായി ലഭ്യമാക്കുന്ന പൂക്കളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം
ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും, കോവിഡ് 19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരയും കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020, ദുരന്തനിവാരണ നിയമം 2005, ഐ. പി. സി സെക്ഷൻ 188, 269 എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കും.
- Log in to post comments