ഓണ സമൃദ്ധി ഓണം പഴം പച്ചക്കറി വിപണി ആഗസ്റ്റ് 27 മുതല്‍ 30 വരെ
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2020-21 എന്ന പേരില്‍ ആഗസ്റ്റ് 27 മുതല്‍ 30 വരെ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിക്കും. കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്പിസികെ, എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലുമായി 77 വിപണികള്‍ നടത്തും. ഓണം പഴം പച്ചക്കറി വിപണികളുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിന് അടൂര്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിക്കും.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ ഉളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിപണി ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി നടപ്പാക്കുന്നത്. നല്ല കാര്‍ഷിക മുറകള്‍ അനുവര്‍ത്തിച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ 20 ശതമാനം അധിക വില നല്കി സംഭരിക്കുകയും 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വിപണനം നടത്തുകയും ചെയ്യും. ഇതിനു പുറമേ പച്ചക്കറി കിറ്റുകളാക്കി പ്രദേശത്തിന്റെ ആവശ്യകത അനുസരിച്ചുളള നിരക്കില്‍ പ്രത്യേകം വിപണനം നടത്തും.
ആഗസ്റ്റ് 27ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ജില്ലയിലെ 77 വിപണികളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അഭ്യര്‍ഥിച്ചു.
- Log in to post comments