കണ്ണൂര്‍ അറിയിപ്പുകള്‍ 26-08-2020
ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ ശ്രദ്ധയും പരിരക്ഷയും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധയും, കുടുംബങ്ങളില്‍ നിന്നും ആര്‍ജിക്കേണ്ട പ്രത്യേക മാനുഷിക വിനിമയങ്ങളും നല്‍കി അവരെ ചേര്‍ത്തു നിര്‍ത്താന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല ശിശുസംരക്ഷണ യൂണിറ്റും ശിശു വികസന സമിതിയും സംയുക്തമായി നടത്തുന്ന പദ്ധതിയിലേക്ക് താല്‍പര്യമുള്ള വ്യക്തികള്‍, ദമ്പതികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍ എസ് 6, തലശ്ശേരി- 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0490 236199, 9645443653.
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങളില്‍ ഇതര ഭാഷ സംസാരിക്കുന്നതും ഭിന്നശേഷിക്കാരായതുമായ കുട്ടികളെ കണ്ടെത്തുന്നതിനാല്‍ അവരുമായി ആശയവിനിമയം നടത്തുന്നതിന് സന്നദ്ധ പ്രവര്‍ത്തകരായ ട്രാന്‍സ് ലേറ്റര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഇന്റര്‍ പ്രൊട്ടേഴ്‌സ് എന്നീ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ താമസിക്കുന്നതും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളതുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അസാമീസ്, ഹിന്ദി, ഉറുദു, ഒഡിയ, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, ഗുജറാത്തി, മറ്റ് ഗോത്ര/പ്രാദേശീയ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍ എസ് 6, തലശ്ശേരി- 670104 ല്‍ ബന്ധപ്പെടുക. ഫോണ്‍: 0490 2326199, 9747029037.
പി എന്‍ സി/2779/2020
വനിതാ കമ്മീഷന്‍ അദാലത്തുകള്‍ കൊവിഡ് സാഹചര്യം
വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്സണ്‍
കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയ അദാലത്തുകള്‍ പുനരാരംഭിക്കുന്നതിന് കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ അറിയിച്ചു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മീഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ ആയോ അയക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലവും ആരോഗ്യച്ചട്ടങ്ങള്‍ പാലിക്കേണ്ടതിനാലുംഅദാലത്തുകള്‍ വൈകിയ സാഹചര്യമുണ്ട്. സ്വകാര്യ വിഷയങ്ങളായതിനാല്‍ ഓണ്‍ലൈനായി പരാതിപറയാന്‍ പരാതിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനിടയുണ്ടെന്നും അവര്‍ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല. എന്നാല്‍ ഫെയ്സ്ബുക്ക്, ഗൂഗിള്‍ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികള്‍ പരാതികള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വകാര്യവിഷയമായതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പരാതികള്‍ അയക്കരുതെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പരാതികള്‍ രേഖാമൂലം വനിതാ കമ്മീഷന്‍, പിഎംജി, പട്ടം പാലസ് പി ഒ, തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോ keralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്.
ലൈഫ് മിഷന്‍ ഭവന പദ്ധതി; അപേക്ഷാ തീയതി നീട്ടി
ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സപ്തംബര്‍ ഒമ്പത് വരെ ദീര്‍ഘിപ്പിച്ചതായി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസ് അറിയിച്ചു. ഭൂരഹിതരും ഭൂരഹിത - ഭവനരഹിതരുമായ അപേക്ഷകര്‍ക്ക് അക്ഷയസെന്ററുകള്‍, ജനസേവന കേന്ദ്രങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ എന്നിവ മുഖേനയും മൊബൈല്‍ ഫോണിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/2781/2020
'ഓണസമൃദ്ധി കാര്‍ഷിക വിപണി 2020'; ഉദ്ഘാടനം വ്യാഴാഴ്ച
ഓണക്കാലം സമൃദ്ധമാക്കാനായി ജില്ലയില്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 'ഓണസമൃദ്ധി കാര്‍ഷിക വിപണി 2020' വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്ത് 27 വ്യാഴാഴ്ച) രാവിലെ 10ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം പി അനില്‍കുമാര്‍ നിര്‍വഹിക്കും. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ മേലെചൊവ്വ ജങ്ഷനില്‍ 107 ചന്തകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചാണ് വില്പനയ്‌ക്കെത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നും 10 ശതമാനം അധികവില വില നല്‍കി ശേഖരിക്കുന്ന പച്ചക്കറികള്‍ വിപണി വിലയില്‍ നിന്ന് 30 ശതമാനം കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ആഗസ്ത് 30 വരെയാണ് വിപണന കേന്ദ്രം പ്രവര്‍ത്തിക്കുക.
പി എന്‍ സി/2782/2020
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്ങ് 539/2013) തസ്തികയിലേക്ക് 2017 ഫെബ്രുവരി 20ന് നിലവില്‍ വന്ന 235/17/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 ഫെബ്രുവരി 20 മുതലും ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍/ ഹീറ്റ് എഞ്ചിന്‍- 548/2013) തസ്തികയിലേക്ക് 2017 മാര്‍ച്ച് 16ന് നിലവില്‍ വന്ന 326/17/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 മാര്‍ച്ച് 17 മുതലും റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക്
ബോണസ് അനുവദിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് 2020 വര്‍ഷത്തെ ബോണസ് 4250 രൂപയും പെന്‍ഷനര്‍മാര്‍ക്ക് 1000 രൂപയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ടെമ്പിള്‍ഗേറ്റ് - സൈതാര്‍പള്ളി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ മൂന്ന് മുതല്‍ നവംബര്‍ രണ്ട് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടെമ്പിള്‍ഗേറ്റില്‍ നിന്നും സൈതാര്‍പള്ളി ഭാഗത്തേക്കും സൈതാര്‍പള്ളി ഭാഗത്ത് നിന്നും ടെമ്പിള്‍ഗേറ്റ് ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെമ്പിള്‍ഗേറ്റ് - കണിച്ചിറ - മഞ്ഞോടി റോഡ് വഴിയോ മറ്റ് റോഡുകള്‍ വഴിയോ പോകേണ്ടതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സപ്തംബര്‍ 16 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
എന്യൂമറേറ്റര്‍: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മാനേജ്‌മെന്റ് ഓഫ് മറൈന്‍ ഫിഷറീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറൈന്‍ ഡാറ്റാകളക്ഷന്‍ & ജുവനൈല്‍ ഫിഷിംഗ് സര്‍വ്വേ നടത്തുന്നതിലേക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 21 -36 വയസ്സ്. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ എന്ന വിലാസത്തിലോ, ddfisherieskannur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സപ്തംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497 2731081.
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 : പ്രമാണ പരിശോധന
ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ( 132/ 2018) തസ്തികയിലേക്ക് 2020 ആഗസ്ത് 17ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അസ്സല്‍ പ്രമാണ പരിശോധന സപ്തംബര്‍ നാലിന് രാവിലെ 10 മണി മുതല്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം അതത് ദിവസങ്ങളില്‍ ഹാജരാകണം. പ്രൊഫൈലില്‍ ആധാര്‍ അപ്ലോഡ് ചെയ്യേണ്ടതും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഗള്‍ഫ്/അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും ക്വാറന്റൈന്‍ കാലാവധി ഉള്‍പ്പെടെ മറ്റ് രോഗബാധയുള്ളവര്‍ക്കും, ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും പ്രമാണ പരിശോധന തീയതി അവരുടെ അപേക്ഷ പ്രകാരം മാറ്റി നല്‍കും. പരിശോധനയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ പി എസ് സി യുടെ വെബ്സൈറ്റില്‍ നിന്നും കൊവിഡ് 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണെന്നും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു
- Log in to post comments