Skip to main content

ചെങ്ങന്നൂരിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 27/8/2020

 

ആലപ്പുഴ: ചെങ്ങന്നൂരിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി സമ്പൂർണ കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു. കിഫ്‌ബിയിൽ നിന്നും 199.13 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (27/8/2020) രാവിലെ 10:30ന് മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം. പി മുഖ്യപ്രഭാഷണം നടത്തും. സജി ചെറിയാൻ എം.എൽ.എ ചടങ്ങിൽ സന്നിഹിതനാകും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ മുളക്കുഴ, വെൺമണി, ആല, ചെറിയനാട്, പുലിയൂർ, ബുധനൂർ, പാണ്ടനാട് ഗ്രാമപഞ്ചായത്തുകളിലേയും ചെങ്ങന്നൂർ നഗരസഭയിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. നാല് പാക്കേജുകളിലായി 199.13 കോടി രൂപ വകയിരുത്തിയാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

38 കോടി രൂപയാണ് ആദ്യ പാക്കേജിൽ അനുവദിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായി ജലം ശേഖരിക്കുന്ന കോലാമുക്കം കിണറിന്റെ പുനരുദ്ധാരണം, കോലാമുക്കം മുതൽ നികരുംപുറം ശുദ്ധീകരണ ശാലവരെയുള്ള പൈപ്പ് ലൈൻ, നികരുംപുറത്ത് 35 ദശ ലക്ഷം ജലം ശുചീകരിക്കാൻ ശേഷിയുള്ള പ്ലാന്റ്, മുളക്കുഴയിലേക്ക് വെള്ളം എത്തിക്കുന്നതിനായി ജല സംഭരണി, പമ്പ് സെറ്റ് സ്ഥാപിക്കൽ ട്രാൻസ്‌ഫോർമർ എന്നിവ ഈ തുക കൊണ്ട് പൂർത്തിയാക്കും.

രണ്ടാം പാക്കേജിൽ 34 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നികരുംപുറം പ്ലാന്റിൽ നിന്നും അങ്ങാടിക്കൽ മലയിലുള്ള ജലസംഭരണിയിലേക്ക് പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, മുൻസിപ്പൽ പ്രദേശത്തേക്ക് ജലം എത്തിക്കുന്നതിന് ജലസംഭരണി, ചെങ്ങന്നൂർ നഗരസഭയിൽ 190 കിലോമീറ്റർ ദൂരത്തിൽ പൈപ്പ്‌ലൈൻ
സ്ഥാപിക്കൽ എന്നിവ ഈ ഘട്ടത്തിൽ നടത്തും.

51 കോടി രൂപ അനുവദിച്ച മൂന്നാം പാക്കേജിൽ പുലിയൂർ, പാണ്ടനാട് എന്നീ പ്രദേശങ്ങളിലേക്കുള്ള പൈപ്പ് ലൈൻ, പെണ്ണുക്കരയിൽ നിന്ന് തുരുത്തിമേലിലേക്ക് പമ്പിങ്ങ് ലൈൻ, ബുധനൂർ, പുലിയൂർ, പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്നതിനായി ജലസംഭരണി, പാണ്ടനാട് എട്ട് ലക്ഷത്തിന്റെ ജലസംഭരണി, ചെറിയനാട് തുരുത്തിമേലിൽ 3.65 ലക്ഷത്തിന്റെ ടാങ്ക് നിർമ്മാണം, ആല പഞ്ചായത്തിൽ 95 കിലോമീറ്റർ ജല വിതരണ ശൃംഖല, ബുധനൂർ, പുലിയൂർ പഞ്ചായത്തുകളിൽ 147.70 കിലോമീറ്റർ ദൂരത്തിൽ ജല വിതരണ ശൃംഖല, പാണ്ടനാട് 64 കിലോമീറ്റർ വിതരണ ശൃംഖല തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടക്കും.

നാലാം പാക്കേജിൽ 68 കോടി രൂപ ചിലവഴിച്ച് നികരുംപുറത്ത് നിന്ന് പാറചന്തയിലേക്കും പെണ്ണുക്കരയിലേക്കും പമ്പിങ്ങ് ലൈൻ, പാറചന്തയിൽ രണ്ട് ലക്ഷത്തിന്റെ ടാങ്കും പത്ത് ലക്ഷത്തിന്റെ ജല സംഭരണിയും, പെണ്ണുക്കരയിൽ ജലസംഭരണി, മുളക്കുഴ, വെണ്മണി, ആല തുടങ്ങിയ പഞ്ചായത്തുകളുടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിന് കളരിത്തറയിൽ ജല സംഭരണി, കളരിത്തറയിൽ നിന്ന് മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലേക്ക് 175 കിലോമീറ്റർ വീതം നീളത്തിൽ ജല വിതരണ ശൃംഖല എന്നിവയും ഈ ഘട്ടത്തിൽ പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്ങന്നൂരിലെ ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമതിന് ശാശ്വത പരിഹാരമാകും.

date