കോട്ടക്കലിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്കി. വിതരണോദ്ഘാടനം ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി അധ്യക്ഷയായി. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ 2020- 21 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചാണ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയത്.
മണ്ഡലത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഉപകരണങ്ങളാണ് നല്‍കിയത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ കോട്ടക്കല്‍, പൊന്മള, മാറാക്കര, എടയൂര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ വളാഞ്ചേരി, ഇരിമ്പിളിയം എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്.
ഇ.സി.ജി മെഷീന് ത്രീ ചാനല്‍, തെര്‍മോ മീറ്റര്‍ നോ കോണ്ടാക്റ്റ് ഇന്‍ഫ്രാ റെഡ്, ബി.പി. അപ്പാരറ്റസ് ഡിജിറ്റല്‍, കാര്‍ഡിയാക് മോണിറ്റര്‍, പള്‍സ് ഓക്സി മീറ്റര്‍, ആംബു ബാഗ്, പി.പി.ഇ കിറ്റ്, എന്‍ 95 മാസ്ക്, ത്രീ ലെയര്‍ മാസ്ക്, സര്‍ജിക്കല്‍ ഗ്ലൗസുകള്‍, തുടങ്ങി പതിനൊന്നിനം മെഡിക്കല്‍ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കെ.എം.സി.എല്‍ വഴിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വിജിത്ത് വിജയശങ്കര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ശംഭു എന്നിവര്‍ സംസാരിച്ചു.
- Log in to post comments