വേങ്ങര ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇനി മികവിന്റെ കേന്ദ്രം
അഞ്ച് കോടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
വേങ്ങര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (സെപ്തംബര്‍ ഒന്‍പത്) രാവിലെ ഒന്‍പതിന് നാടിന് സമര്‍പ്പിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി ചെലവഴിച്ചാണ് സ്കൂളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. 1957ല്‍ ആരംഭിച്ച സ്കൂളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി രണ്ടായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. മൂന്ന് നിലകളോട് കൂടിയ അക്കാദമിക് ബ്ലോക്കും ഒരു കിച്ചണ്‍ ബ്ലോക്കുമാണ് സ്കൂളിനായി നിര്‍മിച്ചത്. അക്കാദമിക് ബ്ലോക്കില്‍ 15 ക്ലാസ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, എച്ച്.എം റൂം, രണ്ട് സ്റ്റാഫ് റൂമുകള്‍, ഓഫീസ് റൂം, മൂന്ന് ലാബുകള്‍, ശുചി മുറികള്‍ തുടങ്ങിയ സൗകര്യങ്ങളും കിച്ചണ്‍ ബ്ലോക്കില്‍ അടുക്കള, സ്റ്റോര്‍, ഡൈനിങ് റൂം, വാഷ് റൂം തുടങ്ങിയ സൗകര്യങ്ങളുമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ജി.ബി.വി.എച്ച്.എസ്.എസ് വേങ്ങര.
വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലികുട്ടി എം.പി മുഖ്യാതിഥിയാവും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് വി.സുധാകരന് തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments