പ്രതിസന്ധികളെ തരണം ചെയ്യാൻ സ്വീകരിച്ച ഐക്യം നിലനിർത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി നാം സ്വീകരിച്ചു വരുന്ന ഐക്യം നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിക ലുലു കോവിഡ് 19- ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചത് ലോകത്തിന് തന്നെ ഉദാത്ത മാതൃകയായി. എല്ലാതരം സൗകര്യങ്ങളോടെയുമുള്ള കേരളത്തിലെ മികച്ച കോവിഡ് സെന്ററായ നാട്ടിക ലുലു സി എഫ് എൽ ടി സി കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് പ്രചോദനം നൽകുന്ന ഒന്നാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്തിന് മാതൃകയായ കോവിഡ് പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ ലുലു ഗ്രൂപ്പ് സിഎംഡി പത്മശ്രീ ഡോ. എം എ യൂസഫലി പറഞ്ഞു. അമേരിക്ക പോലും കോവിഡിന് മുന്നിൽ പകച്ചുപോയ സാഹചര്യത്തിൽ കേരളം മികച്ച പ്രതിരോധ പ്രവർത്തനം നടത്തുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും എം എ യൂസഫലി വ്യക്തമാക്കി. യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എം പി, എം എൽ എമാരായ ഗീതാ ഗോപി, മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ, ഡി പി എം ഡോ.ടി വി സതീശൻ തുടങ്ങിയവർ നാട്ടിക ലുലു സി എഫ് എൽ ടിസിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടർ എസ് ഷാനവാസ് സ്വാഗതവും ഡി എം ഒ ഡോ. കെ ജെ റീന നന്ദിയും പറഞ്ഞു.
1400 രോഗികൾക്ക് ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ സി എഫ് എൽ ടി സിയാണ് നാാട്ടികയിൽ തുറന്നത്. 60 ഡോക്ടർമാരുടെയും 100 നഴ്സ്മാരുടേയും സേവനമുണ്ടാകും. കുടിവെള്ള സൗകര്യം, വാട്ടർ ഫിൽറ്റർ, ഹോട്ട് വാട്ടർ സൗകര്യം, വാഷിങ് മെഷീൻസ്, ബാത്ത് -ടോയലറ്റ്സ്, മാലിന്യ സംസ്കരണ സംവിധാനം, ടിവി, വൈഫൈ എന്നിവയും വിനോദത്തിനായി റിക്രിയേഷൻ ക്ലബ്, കാരംസ്, ആമ്പൽക്കുളം, ഉദ്യാനം എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഗവ. എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഇ ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുക. പരിശീലനം ലഭിച്ച 200 വളന്റിയർമാരും സേവനത്തിനുണ്ടാകും. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാകും.
- Log in to post comments