തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം
ആലപ്പുഴ : തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് 50 ലക്ഷം രൂപ മുതൽമുടക്കിൽ നിർമിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ച തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. അനവധി വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയുടെ അഭിമാന പദ്ധതിയായ ആലപ്പുഴ ബൈപ്പാസ് നിർമാണം അവസാന ഘട്ടത്തിലാണെന്നും ഉടൻതന്നെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
286 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസിനും പാർക്കിങ്ങിനുമുള്ള സൗകര്യവും ഒന്നാം നിലയിൽ പഞ്ചായത്ത് ഓഫീസുകൾക്കുള്ള സൗകര്യവുമാണ് തയ്യാറാക്കിയിരിക്കുന്നത്.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പരിധിയിലെ മാലിന്യംതള്ളൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 35 ലക്ഷം രൂപ ചിലവിൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമവും, ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പിലാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം പി. എം പ്രമോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബ്രഹാം ജോർജ്, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ പുഷ്കരൻ, പഞ്ചായത്ത് അംഗങ്ങളായ ശശികല. പി, മിനി രമേശൻ, അംബിക ശശിധരൻ, അമ്പിളി തിലകൻ, ബിജിമോൾ സാജൻ, മാമച്ചൻ കളപ്പുരയ്ക്കൽ, എൽ.എസ്. ജി. ഡി അസിസ്റ്റന്റ് എൻജിനീയർ സനുജ.എച്ച്, ജനപ്രതിനിധികൾ, രാഷ്ട്രീയപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments