Skip to main content

ആര്യങ്കാവ് ലഹരി മരുന്ന് കടത്ത് കേസ് :  രണ്ടാം പ്രതി അറസ്റ്റിൽ.

 

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്ത കേസിൽ രണ്ടാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് ലഹരിമരുന്ന് വേട്ട നടന്നത്. തമിഴ്ന്നാട്ടിൽനിന്നും കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ കടത്തിക്കൊണ്ടുവന്ന 864 എണ്ണം ട്രമഡോൾ ഗുളികകൾ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ബിനുവും പാർട്ടിയും ചേർന്ന് കണ്ടെടുക്കുകയും വാഹനത്തിന്റെ ഡ്രൈവറായ സെന്തിൽ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2016 മുതൽ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുള്ളതും അതിമാരകമായതുമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ടതുമാണ് പിടിച്ചെടുക്കപ്പെട്ട ട്രമഡോൾ ഗുളികകൾ.

കൊല്ലം അസീസ്റ്റന്റ് എക്സസ് കമ്മീഷണണർ ബി. സുരേഷ് ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള വൻ ലഹരിമരുന്ന് റാക്കറ്റ് ആണ് ഈ മയക്കുമരുന്ന് കടത്ത് സംഘത്തിന് പിന്നിൽ ഉള്ളതെന്ന് തുടക്കത്തിൽതന്നെ ബോധ്യമായിരുന്നു. തൊണ്ടിമുതലുകൾ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമ, പ്രതി സെന്തിൽ എന്നിവരുടെ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കുന്നത്. പന്ത്രണ്ടോളം സി.സി.ടി.വി. ദൃശ്യങ്ങളും മുപ്പതോളം ഫോൺകോളുകളും എക്സൈസ് സംഘം പരിശോധിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തർസംസ്ഥാന ലഹരീ കടത്ത് സംഘത്തിൽ കണ്ണിയായ ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വെള്ളക്കിണർ വാർഡിൽ വള്ളക്കടവിൽ  നഹാസ് എന്നയാളെ അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ തമിഴ്നാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ കൂടി നിരീക്ഷണത്തിൽ ആണ്.

പ്രതിയും സുഹൃത്തും കൂടി കഴിഞ്ഞ ഒരു വർഷമായി തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക് ലഹരി ഗുളികകൾ കടത്തുന്നുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അന്തർസംസ്ഥാന യാത്ര മുടങ്ങിയതിനാൽ തമിഴ്നാട്ടിൽ പോയി ഗുളികകൾ വാങ്ങാൻ പ്രതിക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് പ്രതിയും സുഹൃത്തും കൂടി വാഴക്കുല തമിഴ്നാട്ടിൽനിന്നും കേരളത്തിലേയ്ക്ക് കടത്തുന്ന ആളിനെ പരിചയപ്പെടുന്നത്. തുടർന്ന് തമിഴ്നാട്ടിലെ മെഡിക്കൽ സ്റ്റോറുകാരൻ വഴി കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരി ഗുളികകൾ കടത്താൻ തുടങ്ങി. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിരവധിതവണ തമിഴ്നാട് സ്വദേശിയ്ക്ക് ലഹരിമരുന്ന് ഗുളികകൾ വാങ്ങുന്നതിന് പണം ട്രാൻസ്ഫർ ചെയ്തുകൊടുത്തതായി കണ്ടെത്തിയിരുന്നു. ആയതിന്റെ രേഖകളും എക്സൈസ് കണ്ടെടുത്തു. കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരി ഗുളികകൾ എത്തിച്ചിരുന്ന തമിഴ്നാട് സ്വദേശിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാംപ്രതിയോടൊപ്പം ലഹരി ഗുളിക കടത്തിൽ പങ്കെടുത്ത മറ്റു പ്രതികളെക്കുറിച്ചുള്ള സൂചനകളും വ്യക്തമായ വിവരങ്ങളും സംഘത്തിന് ലഭിച്ചു. കഴിഞ്ഞ നാലുമാസത്തിനുള്ളിൽ നാലുതവണ ഇത്തരത്തിൽ വൻതോതിൽ ലഹരി ഗുളികകൾ കേരളത്തിലേയ്ക്ക് കടത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളും ആലപ്പുഴ ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളും അന്വേഷണസംഘത്തിന് ഒവല്ലുവിളിയായിരുന്നു. കോളേജിൽ പഠിയ്ക്കുന്ന കാലം മുതൽ പ്രതി നഹാസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. രണ്ടുതവണ ഡി അഡിക്ഷന് വിധേയനാക്കിയിരുന്നു. കായംകുളം, പുനലൂർ, തെൻമല എന്നിവിടങ്ങളിൽ വച്ചാണ് ഗുളികകൾ കൈമാറ്റം ചെയ്തിരുന്നത്. ഈ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ചിരുന്നു. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി, സുരേഷ്, ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ആഫീസർമാരായ അലക്സ് ,ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർ ക്രിസ്റ്റിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനിശശി, ബീന, എക്സൈസ് ഷാഡോ സംഘാംഗങ്ങളായ അശ്വന്ത്, എസ്.സുന്ദരം, അതൺവിജയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

date