Skip to main content

കല്‍പകഞ്ചേരി, വളവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി മന്ത്രി നാടിന് സമര്‍പ്പിച്ചു

 

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും വായുവെന്നത് പോലെ പരമ പ്രധാനമായ കുടിവെളളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതില്‍ ജന പ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ വര്‍ഷം 20 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളവന്നൂര്‍, കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 27.05 കോടി ചെലവില്‍ 14.70 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കുള്‍പ്പടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇരു പഞ്ചായത്തിലേയും 67,000 ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാരതപ്പുഴയില്‍ തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള കിണറും പമ്പ് ഹൗസും ഉപയോഗിച്ചാണ് ജലമെത്തിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കുട്ടികളത്താണിയില്‍ പ്രതിദിനം 60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും കല്‍പകഞ്ചേരി അതിരുമടയില്‍ 3.9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്ന് ഇരു ജലസംഭരണികളിലേക്കും ജലമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകളും സ്ഥാപിച്ചു കഴിഞ്ഞു. ജല വിതരണത്തിനായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്.

ജലവിതരണത്തിനായി ആകെ 102 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനുകളാണ് സ്ഥാപിക്കാനുള്ളത്. ഇതില്‍ 85 കിലോ മീറ്ററോളമാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഇരു പഞ്ചായത്തുകള്‍ക്കുമായി ആദ്യ ഘട്ടത്തില്‍ 1.5 കോടി രൂപയും രണ്ടാം ഘട്ടമായി 50 ലക്ഷം രൂപയും സി. മമ്മുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

കടുങ്ങാത്തുകുണ്ട് യത്തീംഖാന ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി മമ്മുട്ടി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ഹനീഫ പുതുപ്പറമ്പ്, വെട്ടം ആലിക്കോയ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.എ റസാഖ്, ആതവനാട് മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.സി അഷ്റഫ്, എ. പി സബാഹ്, അബ്ദു തൈക്കാടന്‍, നബീസ അസീസ് മയ്യേരി, അടിയാട്ടില്‍ മുനീറ, ടി.പി സിനോബിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മൊയ്തീന്‍ കുട്ടി, വി.പി സുലൈഖ, കേരള ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ വി. മുരുകദാസ്, വാര്‍ഡ് മെമ്പര്‍ കെ.സി ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date