ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ : അരൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽപ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അരൂരിൽ ജനകീയ ഹോട്ടൽ ആരംഭിച്ചത്.
രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് നിലവിലെ പ്രവർത്തന സമയം. 20 രൂപക്ക് ഊണ് ലഭിക്കും. പകൽ 12 മുതൽ മൂന്ന് വരെ സമയത്താണ് ഊണ് ലഭിക്കുക. പാഴ്സലായി നൽകുന്നതിന് 25 രൂപയാണ് നിരക്ക്. മീൻ, ഇറച്ചി, കപ്പ ഉൾപ്പെടെയുള്ള വിഭവങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കും. പണം നൽകി ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തവർക്കായി സൗജന്യ കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട്.
അഞ്ച് കുടുംബശ്രീ പ്രവർത്തകരാണ് ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഊണ് ആവശ്യമുള്ളവർക്ക് 8084473200, 9562320377 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
അരൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഗൗരീശൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അലക്സ്, പഞ്ചായത്ത് സെക്രട്ടറി പി. വി മണിയപ്പൻ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments