Skip to main content

ലൈഫ് മിഷന്‍ മൂന്നാം ഘട്ടം; നിര്‍മാണോദ്ഘാടനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പിലും
വിജയപുരത്തും ഭവന സമുച്ചയങ്ങള്‍സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫിന്റെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത- ഭവനരഹിതര്‍ക്കായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന 29 ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ലൈന്‍ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പ് പഞ്ചായത്തിലെ  മിഠായിക്കുന്നിലെയും  വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെയും ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
തലയോലപ്പറമ്പില്‍ ജലസേചനവകുപ്പിന്റെ കൈവശമുള്ള 433 സെന്റ് സ്ഥലത്ത് 36 ഭവനങ്ങളും വിജയപുരത്ത് പഞ്ചായത്തിന്റെ 55.8 സെന്റ് സ്ഥലത്ത് 44  ഭവനങ്ങളുമുള്ള സമുച്ചയമാണ് നിര്‍മിക്കുന്നത്.

ലൈഫ്  മൂന്നാം ഘട്ട ഭവനസമുച്ചയ നിര്‍മാണത്തിനായി സംസ്ഥാനത്ത് മുന്നൂറോളം സ്ഥലങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ കേന്ദ്രങ്ങളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുവാന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ നടത്തിയ ആലോചനാ യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ എം. അഞ്ജന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍  പി. എസ്. ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോർഡിനേറ്റര്‍ സി.എന്‍. സുഭാഷ്,  തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

date