കേരള കാർഷിക സർവ്വകലാശാല 'ജീവനി' ആരോഗ്യ പാനീയം പുറത്തിറക്കി
കേരള കാർഷിക സർവ്വകലാശാലയുടെ ഹോർട്ടികൾച്ചർ കോളേജിലെ ഭക്ഷ്യസംസ്‌കരണ വകുപ്പ് വികസിപ്പിച്ചെടുത്ത 'ജീവനി' ആരോഗ്യ പാനീയതിന്റെ വിപണനോദ്ഘാടനം ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മഞ്ഞൾ, ഇഞ്ചി, കുരുമുളക്, നെല്ലിക്ക, നാരങ്ങ എന്നിവയിലെ ഔഷധഗുണങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ആരോഗ്യ പാനീയം തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളെ സഹായിക്കുവാനായി കേരള കാർഷിക സർവകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം തയ്യാറാക്കിയ മാർഗരേഖയുടെയും കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രമോഷണൽ വീഡിയോയുടെയും പ്രകാശനവും
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കാർഷിക സംരംഭകത്വ വികസനത്തിനായി ആർ കെ വി വൈ റഫ്ത്താർ പദ്ധതിയുടെ ധനസഹായത്തോടെ സ്ഥാപിച്ചിട്ടുള്ള അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെന്റർ 2020 ലെ ഇൻക്യൂബേഷൻ ഗ്രാന്റിന് വേണ്ടി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സംരംഭകരുടെ പരിശീലന പരിപാടി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കൃഷി വകുപ്പിന്റെയും കാർഷിക സർവ്വകലാശാലയുടെയും നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്ലോക്കുതല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ വിളകളുടെ ഉൽപാദന പ്രോട്ടോക്കോളും പ്രാദേശിക ഉൽപ്പാദന പദ്ധതികളും തയ്യാറാക്കാനുള്ള പരിപാടികൾക്കും ഇതോടൊപ്പം തുടക്കംകുറിച്ചു. ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ആർ ചന്ദ്രബാബു, രജിസ്ട്രാർ ഡോ സക്കീർ ഹുസൈൻ, വിജ്ഞാന വ്യാപന ഡയറക്ടർ ഡോ ജിജു പി അലക്സ്, സർവകലാശാല ഓഫീസർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments