Skip to main content

നൂറു ദിന പരിപാടിയില്‍ താനൂരില്‍ 123 പദ്ധതികള്‍

 

താനൂര്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ 123 പദ്ധതികള്‍ നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കുമെന്ന് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. റെഡി വണ്‍ ടൂ ത്രീ എന്ന പേരിലാണ് 123 പദ്ധതികളുടെ സമര്‍പ്പണം.
   ഗ്രാമീണ റോഡുകള്‍, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള റോഡുകള്‍, ഹാര്‍ബര്‍ റോഡുകള്‍, പി.ഡബ്ലി.യു.ഡി റോഡുകള്‍ എന്നിങ്ങനെ 84 റോഡുകള്‍, 11 അങ്കണവാടികള്‍. ഏഴ് ആരോഗ്യ സബ്‌സെന്റര്‍, താനൂര്‍ അര്‍ബന്‍ പിഎച്ച്‌സി, താനാളൂര്‍, ചെറിയമുണ്ടം സ്റ്റേഡിയങ്ങള്‍, റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടര്‍, ഏഴ് സ്‌കൂള്‍ കെട്ടിട നിര്‍മാണം, ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റ്, അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രഖ്യാപനം, തെയ്യാല റോഡ് റെയില്‍വേ മേല്‍പ്പാലം, തിയേറ്റര്‍ സമുച്ചയം, ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ട്, ഹോസ്റ്റല്‍, ഹൈസ്‌കൂള്‍ കെട്ടിടം, താനാളൂര്‍ കുടുംബാരോഗ്യകേന്ദ്രം എന്നിങ്ങനെ 123 പദ്ധതികളാണ് താനൂരില്‍ സമര്‍പ്പിക്കുന്നത്.
  താനൂര്‍ റെയില്‍വേ മേല്‍പ്പാലം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഈ മാസം പ്രവൃത്തി ആരംഭിക്കും. റെയില്‍വേ ക്രോസിങ് ഭാഗത്ത് സ്റ്റീല്‍ ബ്രിഡ്ജാണ് നിര്‍മിക്കുകയെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു. തിരൂര്‍ - പൂരപ്പുഴ റോഡ് നവീകരണം 95 ശതമാനം പൂര്‍ത്തീകരിച്ചു.
   മോര്യ കാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പൂരപ്പുഴ റെഗുലേറ്റര്‍ നിര്‍മ്മാണത്തിനായി 17 കോടി അനുവദിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കര്‍ഷകരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. നൂറുകോടി ചെലവില്‍ യാഥാര്‍ത്ഥ്യമാകുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. പദ്ധതി ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് എം.എല്‍.എ അറിയിച്ചു. രണ്ടാംഘട്ടത്തില്‍ 200 കോടി രൂപ ചെലവില്‍ വിതരണ ശൃംഖല ഒരുക്കും. തീരദേശ മേഖലയില്‍ പൂര്‍ണമായും ശുദ്ധജലം എത്തിക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
   ഒട്ടുംപുറം കെട്ടുങ്ങല്‍ പാലം അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിലെ തടസ്സങ്ങള്‍ മാറി ഹൈവേ വിഭാഗം സ്ഥലം ഏറ്റെടുത്തു. ഹാര്‍ബര്‍ നിര്‍മാണത്തിലെ ചില തടസ്സങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി. മത്സ്യതൊഴിലാളികളുടെ അഭ്യര്‍ത്ഥന മാനിച്ച് പുലിമുട്ട് നീളം വര്‍ധിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ഹാര്‍ബര്‍ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ  അറിയിച്ചു.
 

date