മാനദണ്ഡങ്ങൾക്ക് വിധേയമായി കോവിഡ് രോഗബാധിതർക്ക് അവരവരുടെ വീടുകളിൽ ചികിത്സ സ്വീകരിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി
ആലപ്പുഴ: ദുരന്തനിവാരണ നിയമപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി കോവിഡ് രോഗബാധിതർക്ക് അവരവരുടെ വീടുകളിൽ ചികിത്സ സ്വീകരിക്കുന്നതിന് അനുമതി നൽകി ജില്ല കളക്ടര്‍ ഉത്തരവിറക്കി. കോവിഡ് 19 രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും കോവിഡ് പോസിറ്റീവ് ആയവരുമായ ആളുകൾ സ്വയം തയ്യാറായി മുന്നോട്ട് വരുന്നവർക്ക് മാത്രം സ്വന്തം ഭവനങ്ങളിൽ ചികിത്സ സ്വീകരിക്കാം.
ചികിത്സ തേടുന്നതിന് മുമ്പായി താമസ സ്ഥലത്തെ മെഡിക്കൽ ഓഫീസറുടെ അനുമതി നിർബന്ധമായും വാങ്ങണം. സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ പൂർണ്ണമായും രോഗിയുടെ വീട്ടിനുള്ളിൽ ചികിത്സക്കായി ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമെ ഭവനങ്ങളിൽ ചികിത്സയ്ക്ക് അനുമതി നൽകാവു.
ഗർഭണികൾ, നവജാതശിശുവും അമ്മയും മാരകമായ രോഗങ്ങൾ, മറ്റ് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, 12 വയസിനു താഴെയും അറുപത് വയസിനു മുകളിലും പ്രായമുള്ളവർ, മാനസികവൈകല്യമുള്ളവർ എന്നിവർക്ക് ഭവനങ്ങളിൽ കോവിഡ് 19 ചികിത്സ അനുവദനീയമല്ല.
12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ കുടെയോ, മറ്റൊരു വ്യക്തിയുടെ കൂടെയോ ഒരുമിച്ച് ഭവനങ്ങളിൽ ചികിത്സ അനുവദനീയമാണ്.ഈ സാഹചര്യത്തിൽ പരിചരണത്തിനായി മൂന്നാമതൊരാളുടെ സേവനം ലഭ്യമാക്കണം. ഇപ്രകാരം ഭവനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെട്ടുള്ള ജൈവ/അജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സുരക്ഷിതമായി കോവിഡ് മാനദണ്ഡ പ്രകാരം സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങളും സംസ്‌കരണവും വീട്ടുടമ തന്നെ ചെയ്യണം. ജൈവ മാലിന്യങ്ങൾ ആഴത്തിൽ കുഴിച്ച് മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യേണ്ടതും ബാക്കിയുള്ളവ ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലയാനി ഉപയോഗിച്ച് ശുചീകരിക്കണം.ഭവനങ്ങളിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ ദൈനംദിനം ഫോണിലൂടെ അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും ജില്ല മെഡിക്കൽ ഉറപ്പ് വരുത്തണം.
രോഗിയുടെ കുടുംബത്തിന് മതിയായ സാമൂഹിക പിന്തുണ ലഭിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/പൊലിസ് ഉറപ്പു വരുത്തണം.
- Log in to post comments