*ജനകീയ ഹോട്ടൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു*
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ അമ്പലത്തു കുളങ്ങരയിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഊട്ടുപുര ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിശപ്പു രഹിത കേരളം എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനും മാതൃകാപരമായ അതിന്റെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വത്സല അധ്യക്ഷത വഹിച്ചു.
ജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുക എന്നതാണ് ജനകീയ ഹോട്ടലുകൾ വഴി ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷണം പാഴ്സലായാണ് നൽകുക. രാവിലെ എട്ട് മണിമുതൽ വൈകുന്നേരം ഏഴ് മണി വരെ ഹോട്ടൽ പ്രവർത്തിക്കും. ഏഴ് പേരടങ്ങുന്ന ഗ്രൂപ്പാണ് ഹോട്ടലിന്റെ നടത്തിപ്പുകാർ. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാൽ അഞ്ചുപേരാണ് ഹോട്ടലിൽ ഉണ്ടാവുക. കുടുംബശ്രീയുടെ പലഹാര നിർമ്മാണ യൂണിറ്റുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ചായക്കൊപ്പം നൽകുക.
വൈസ് പ്രസിഡണ്ട് പി.എം വിജയൻ, സ്ഥിരം സമിതി അംഗങ്ങളായ പി. ഇസ്മയിൽ, ഗൗരി പുതിയോട്ട്, പഞ്ചായത്ത് അംഗം ജിതേന്ദ്രനാഥ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments