ഗ്രാമപഞ്ചായത്തുകൾ ഇന്റലിജന്റ് ഇ - ഗവേണൻസ് സംവിധാനത്തിലേയ്ക്ക് ; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന്
-
ജില്ലയില്‍ 11 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നു
ആലപ്പുഴ :സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം(ILGMS) നടപ്പിലാക്കും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 28 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.
ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയിൽ തപാൽ മാർഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭ്യമാക്കുന്നതാണ് .
പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.പേപ്പർ രഹിതവും പ്രകൃതി സൗഹൃദപരവുമായ ഭരണ സംവിധാനം ഉറപ്പുവരുത്തുന്ന ഈ സോഫ്റ്റ്‌വെയർ, 24×7 പ്രവർത്തനസജ്ജമായിരിക്കുന്നതും എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതുമാണ്. കൂടാതെ ഓഫീസുകൾ തമ്മിൽ ഫയൽ അയക്കുന്നതിനുള്ള സൗകര്യവും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ ട്രയൽ പൂർത്തിയാക്കിയ സോഫ്റ്റ്‌വെയർ ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്.ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ്,തിരുവന്‍വണ്ടൂര്‍, എടത്വ, കരുവാറ്റ, കുമാരപുരം,ചേര്‍ത്തല തെക്ക്, നെടുമുടി, ആര്യാട്, മണ്ണന്‍ചേരി, എഴുപുന്ന, ചേന്നംപള്ളിപ്പുറം എന്നീ 11 പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ പോവാതെ വീട്ടിലിരുന്ന് മൊബൈലിലോ, കമ്പ്യൂട്ടറിലോ ക്ലിക്ക് ചെയ്താൽ സേവനങ്ങൾ ലഭിക്കുന്ന വിധത്തിലാണ് പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചിരിക്കുന്നത്. വെബ് അധിഷ്ടിത ഏകജാലക സംവിധാനത്തിലാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതും സേവനം നല്‍കുന്നതും മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും. ഫയല്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍കൂട്ടി നിശ്ചയിച്ച സമയം അധികരിച്ചാല്‍ മേലധികാരികള്‍ക്ക് അറിയിപ്പ് ലഭിക്കുന്നതിന് സംവിധാനം ഉണ്ട്. പൂര്‍ണമായ വിവരങ്ങളോട് കൂടിയ അപേക്ഷകള്‍ക്ക് സിറ്റിസണ്‍ ചാര്‍ട്ടര്‍ അടിസ്ഥാനമാക്കി സേവന വിതരണ തീയതി ഉള്‍പ്പെടുത്തിയുള്ള കൈപ്പറ്റ് രസീത് ലഭ്യമാക്കും. ഫ്രണ്ട് ഓഫീസ് വഴി നല്‍കുന്ന അപൂര്‍ണമായ അപേക്ഷകള്‍ക്ക് അപാകത സംബന്ധിച്ച അറിയിപ്പ് തല്‍സമയം ലഭ്യമാക്കും. എല്ലാവിധ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ ആയും അക്ഷയ സെന്ററുകള്‍ മുഖേനയും ലഭിക്കുവാനുള്ള സംവിധാനം. അപേക്ഷയുടെ നിലവിലെ സ്ഥിതി ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സൗകര്യം എന്നീ പ്രത്യേകതകള്‍ പുതിയ സംവിധാനത്തിലുണ്ടാകും. വെബ് അധിഷ്ടിത സേവനങ്ങള്‍ എല്‍.എസ്.ജി.ഡിയുടെ വെബ്സൈറ്റിലൂടെയോ ഐ.എല്‍.ജി.എം. എസ് എന്ന് വെബ് ബ്രൗസറില്‍ ടൈപ്പ് ചെയ്തോ ലഭ്യമാകും.
- Log in to post comments