ആലപ്പുഴ നഗരസഭയിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ജില്ലാ കളക്ടർ
ആലപ്പുഴ : നഗരസഭ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ. ഇതിനായി കരുതൽ നടപടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഹോം ഐസൊലേഷന് പ്രോത്സാഹനം നൽകും. ബോധവത്കരണ പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്ക്വാഡുകൾ നഗരസഭ പരിധിയിൽ നിയോഗിക്കും.നഗരസഭക്ക് മാത്രമായി കോവിഡ് സ്രവ പരിശോധനക്ക് ആവശ്യമായ മൊബൈൽ യൂണിറ്റ് അനുവദിക്കും. ഹോം ഐസൊലേഷനിൽ ഉള്ളവരെ സ്രവ പരിശോധനക്ക് വിധേയമാക്കുന്നതിനു വേണ്ട ആംബുലൻസുകൾ എൻ. എച്. എം മുഖേന എത്തിക്കും.നഗരസഭ പരിധിയിലുള്ള കോവിഡ് രോഗികളുടെ പട്ടിക അതതു ദിവസങ്ങളിൽ പരമാവധി വേഗത്തിൽ ക്രോഡീകരിച്ചു ജനറൽ ആശുപത്രി അധികൃതർക്ക് കൈമാറും . ഈ പ്രവർത്തനങ്ങൾ നഗരസഭയിലെ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജനറൽ ഹോസ്പിറ്റലുമായി ഏകോപനത്തോടെ നടപ്പാക്കുമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കളക്ടർ പറഞ്ഞു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ. ആരോഗ്യ പ്രവർത്തകർ, നഗരസഭ പ്രതിനിധികൾ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
- Log in to post comments