വെയര്‍ഹൗസിംഗ് കോര്പറേഷന് ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാന വെയര്‍ഹൗസിംഗ് കോര്പ്പറേഷന് കോഴിക്കോട് റീജിയണല്‍ ഓഫീസും സ്റ്റേറ്റ് വെയര്‍ഹൗസും കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പി.ടി.എ റഹീം എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നടക്കാവില്‍ വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചു വന്ന ഈ ഓഫീസ് കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്റെ രണ്ടാം നിലയില്‍ വിശാലമായ സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളാണ് കുന്ദമംഗലത്തെ റീജിയണല്‍ ഓഫീസിന് കീഴില്‍ വരുന്നത്. ഇതൊടൊപ്പം സ്റ്റേറ്റ് വെയര്‍ഹൗസിന്റെ കോഴിക്കോട് യൂണിറ്റ് ഓഫീസും കുന്ദമംഗലത്തേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് സ്റ്റേറ്റ് വെയര്‍ഹൗസ് യൂണിറ്റുകള്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലാണ് വരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത നിയന്ത്രണത്തിലുള്ള വെയര്‍ഹൗസിംഗ് കോര്പറേഷന് കാര്ഷികോല്പന്നങ്ങളുടെ സംഭരണവും സൂക്ഷിപ്പും സുപ്രധാന ചുമതലയായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന സംവിധാനമാണ്.
കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ഉറപ്പ് വരുത്തുകയും ഏല്‍പ്പിക്കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്മയിലോ തൂക്കത്തിലോ കുറവുവരാതെ സംരക്ഷിക്കുകയും കാര്‍ഷിക ലോണുകള്‍ ലഭ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വെയര്‍ ഹൗസിംഗ് കോര്പറേഷന് നടത്തിവരുന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. വെയര്‍ഹൗസിംഗ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പി.എച്ച് അഷ്റഫ് ഐ.പി.എസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ എം.വി ബൈജു, വെയര്‍ഹൗസ് മാനേജര്‍ പി. അബ്ദുല്‍ മജീദ്, വെയര്‍ഹൗസിംഗ് കോര്പറേഷന് ഉത്തരമേഖലാ സോണല്‍ മാനേജര്‍ പി.ടി പീറ്റര്‍, റീജ്യണല്‍ മാനേജര്‍ സി.കെ ഓംപ്രസാദ് സംസാരിച്ചു.
- Log in to post comments