Skip to main content

ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

സംസ്ഥാനതല ഉദ്ഘാടനം ചെമ്മരുതി പഞ്ചായത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുന്ന 'ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം' സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്( സെപ്റ്റംബര്‍ 28) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സംസ്ഥാനത്തെ 150 ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

സോഫ്റ്റ്വെയര്‍  ആദ്യമായി നടപ്പിലാക്കാന്‍ തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തിരുന്നത്. പദ്ധതിയുടെ ട്രയല്‍ വിജയകരമായി പഞ്ചായത്ത് പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ  ഓണ്‍ലൈന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് പുതിയ സോഫ്റ്റ്വെയറിലൂടെ സാധ്യമാവുക. ഇന്റഗ്രേറ്റഡ്  ലോക്കല്‍ ഗവെര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിലൂടെ പഞ്ചായത്തുകളുടെ ഭരണം സുതാര്യമാകുന്നതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ അനായാസം ഏകീകരിക്കാന്‍ സാധിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സോഫ്റ്റ്വെയര്‍ ഡെവലപ്പ് ചെയ്തത്.

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ. എച് സലിം പറഞ്ഞു.  ചെമ്മരുതി പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം. പി, വി. ജോയ് എം.എല്‍.എ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച് സലിം, പഞ്ചായത്ത് ഡയറക്ടര്‍ ജയശ്രീ, ഐ.കെ.എം ഡയറക്ടര്‍ ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

date