തദ്ദേശ സ്ഥാപനങ്ങളില്‍ സംഭവിച്ചത് ജനോപകാരപ്രദമായ മാറ്റങ്ങള്‍-മുഖ്യമന്ത്രി
ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ ഇന്റലിജന്‍സ് ഇ-ഗവേണന്‍സ് സംവിധാനത്തിന് തുടക്കം
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സേവന രംഗം വിപുലീകരിക്കാനും സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിനങ്ങള്‍ നൂറു പദ്ധതികള്‍ എന്ന കര്‍മ പരിപാടിയുടെ ഭാഗമായി 150 ഗ്രാമ പഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തദ്ദേശ ഭരണ സ്ഥാപനവും അതിവിപുലമായ ജനസേവനമാണ് നടത്തി വരുന്നത്. കോവിഡ് പ്രതിരോധം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇ- ഗവേണന്‍സ് രംഗത്തെ പുതിയ ചുവടുവയ്പ്പിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ സേവനം കൂടുതല്‍ ജനസൗഹൃദമാകും. വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായകമാകും- അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ നീണ്ടൂര്‍, പള്ളിക്കത്തോട്, തിരുവാര്‍പ്പ്, വിജയപുരം, കങ്ങഴ, വാകത്താനം, നെടുംകുന്നം, മുത്തോലി, മീനച്ചില്‍, മരങ്ങാട്ടുപിള്ളി, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളിലെ ഇ ഗവേണന്‍സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടന്നു.
ഗ്രാമപഞ്ചായത്തുകളില്‍നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ പുതിയ സംവിധാനം സഹായകമാകും. അപേക്ഷകള്‍ https://erp.lsgkerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്.
ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അധ്യക്ഷത വഹിച്ചു. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സംവിധാനം ആരംഭിക്കുന്ന കോട്ടയം ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളിലും ഇതോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍ നടന്നു.
- Log in to post comments