Skip to main content

എറണാകുളം അറിയിപ്പുകള്‍

കരാര്‍ നിയമനം
കൊച്ചി: വനിത ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്റിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗയതയുളള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേസ് വര്‍ക്കര്‍ (രണ്ട്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൗണ്‍സിലഥ (ഒന്ന്) എം.എ സൈക്കോളജി, കൗണ്‍സിലിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഐ.ടി സ്റ്റാഫ് (ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍/ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉളളവരായിരിക്കണം. മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം (ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരാകണം). സെക്യൂരിറ്റി ഗാര്‍ഡ് (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് കളക്ടറേറ്റിനു താഴത്തെ നിലയിലുളള എറണാകുളം വനിതാ സംരക്ഷണ ഓഫീസ് കാര്യാലയത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

കൊച്ചി: സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷരീസ് ഓഫീസുകളില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്‌ടോബര്‍ ഏഴിന്  മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.  

ബിരുദ തലത്തില്‍ 60 ശതമാനം  മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി     ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.    സിവില്‍ സര്‍വ്വീസ് പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാദമി, പ്ലാമൂട,് തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്.  ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുളളു.  വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി               സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.

കിഫ്ബി പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാരുടെ
ഓഫീസ്  ഉദ്ഘാടനം

കൊച്ചി: ജില്ലയില്‍ പുതിയതായി അനുവദിച്ച കിഫ്ബി പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്റെ ഉദ്ഘാടനം കൊച്ചി മറൈന്‍ഡ്രൈവില്‍ ജി.സി.ഡി.എ കെട്ടിട സമുച്ചയത്തിലെ 62-ാം നമ്പര്‍ കെട്ടിടത്തില്‍ പൊന്നുംവില വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍ എം.വി നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂജിന്‍.എന്‍.ജെ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍കുമാര്‍, റവന്യൂ ഇന്‍സ്‌പെടക്ടര്‍ ജോണ്‍ ഡേവിഡ്, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വില്പനശാലകളുടെ
ഉദ്ഘാടനം  മൂന്നിന്

കൊച്ചി: സംസ്ഥാനത്ത്  സപ്ലൈകോയുടെ   നവീകരിച്ച  ആറു  വില്പനശാലകളുടെ  ഉദ്ഘാടനം  ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്നിന് വീഡിയോ  കോണ്‍ഫറന്‍സ്  വഴി  ഭക്ഷ്യപൊതുവിതരണ വകുപ്പ്മന്ത്രി  പി.തിലോത്തമന്‍ നിര്‍വ്വഹിക്കും.  തിരുവനന്തപുരം  പാളയംകുന്ന്  മാവേലിസ്‌റ്റോര്‍,  ഇടുക്കി കുമളി പീപ്പിള്‍സ്  ബസാര്‍, എറണാകുളം പനങ്ങാട് സൂപ്പര്‍മാര്‍ക്കറ്റ്,  ആലപ്പുഴ ഹരിപ്പാട് സൂപ്പര്‍മാര്‍ക്കറ്റ്, പാലക്കാട് വടവന്നൂര്‍ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ്, മലപ്പുറം മക്കരപ്പറമ്പ് സൂപ്പര്‍മാര്‍ക്കറ്റ്  എന്നീ  വില്പനശാലകളുടെ  ഉദ്ഘാടനമാണ്  നടക്കുക. എം എല്‍ എമാര്‍, പഞ്ചായത്ത്/മുനിസിപ്പല്‍  അധ്യക്ഷന്‍മാര്‍  തുടങ്ങിയവര്‍  പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ്.

date