Skip to main content

ദേശീയപാത വികസനം: നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും പണം അനുവദിച്ചു

         ദേശീയ പാത വികസനത്തിനായി തിരൂര്‍ താലൂക്ക് നടുവട്ടം വില്ലേജില്‍ ഏറ്റെടുക്കുന്ന ഭൂമിയിലെ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള സാമ്പത്തിക സഹായത്തിനുമായി 48.43 കോടി രൂപ അനുവദിച്ച് തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജിയനല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നടുവട്ടം വില്ലേജിലെ നഷ്ടപരിഹാരം അനുവദിക്കുന്നതിന് 2019 ല്‍ പണം അനുവദിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് നില നിന്നിരുന്നതിനാല്‍ തുക വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അനുവദിച്ച  തുക ഒരാഴ്ചക്കുള്ളില്‍ ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ എത്തും. നടുവട്ടം വില്ലേജില്‍ ഒരു മാസത്തിനകം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ചെയ്യും.

     നടുവട്ടം വില്ലേജില്‍  ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്നത് 2.794 ഹെക്ടര്‍ ഭൂമിയാണ്. അതില്‍ സ്വകാര്യ ഭൂമി 2.6735 ഹെക്ടറും സര്‍ക്കാര്‍ ഭൂമി 0.1205 ഹെക്ടറുമാണ്. 64 പേരില്‍ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത.് ഏറ്റെടുക്കുന്ന ഭൂമിക്ക് സമാശ്വാസ പ്രതിഫലവും വര്‍ധനവും അടക്കം ഒരു സെന്റിന്   5,43,731  രൂപ നഷ്ടപരിഹാരം ലഭിക്കും. അടിസ്ഥാനവിലയായി നിശ്ചയിച്ച സെന്റ് ഒന്നിന് 1,74,272.95 രൂപയില്‍ ഗുണനഘടകവും സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി ആയ 2018 മാര്‍ച്ച് ഒന്ന് മുതലുള്ള വര്‍ധനവുമടക്കമുള്ള തുകയാണ്.

   ഏറ്റെടുക്കുന്ന ഭൂമിയില്‍ 43 കേസുകളില്‍ നിര്‍മിതികള്‍ ഉള്‍പ്പെടുന്നു. സമാശ്വാസ പ്രതിഫലം ഉള്‍പ്പെടെ 18.09 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. നഷ്ടപരിഹാരം ലഭിച്ചതിനുശേഷം കെട്ടിടങ്ങള്‍  ആവശ്യമുള്ള പക്ഷം ഉടമകള്‍ക്കു തന്നെ സ്വയം പൊളിച്ചുമാറ്റി നിര്‍മാണ സാമഗ്രികള്‍  എടുക്കാം.

      ഏറ്റെടുക്കുന്ന  27 ഭൂമികളില്‍ കാര്‍ഷിക വിളകളുള്ളതാണ്. കാര്‍ഷിക വിളകള്‍ക്ക്  നഷപരിഹാരമായി 27.45 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിള ഇന്‍ഷൂറന്‍സ് തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്.    ഏറ്റെടുക്കുന്ന 23 ഭൂമികളില്‍ മരങ്ങളുള്ളതാണ്. അവയ്ക്ക് നഷ്ടപരിഹാരമായി 5,39,932 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒന്‍പത് വീടുകളും 11 കച്ചവടസ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഇവരുടെ പുനരധിവാസത്തിനായി 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പട്ടിക രണ്ട് പ്രകാരമുള്ള തുകയും അനുവദിക്കും.
           
          സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം  ഈ വര്‍ഷം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. 1956 ലെ ദേശീയപാത നിയമപ്രകാരമാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതെങ്കിലും നഷ്ടപരിഹാരവും പുനരധിവാസവും  നിശ്ചയിക്കുന്നത്  2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ്.

date