ജില്ലയിലെ കോവിഡ്മുക്തര്ക്ക് കൂട്ടായ്മ ഒരുങ്ങി
ജില്ലയില്‍ കോവിഡിനെ അതിജീവിച്ചവര്‍ക്ക് കോവിഡ് റിക്കവേര്‍ഡ് ടീം ( സി.ആര്.ടി ) എന്ന പേരില്‍ കൂട്ടായ്മ ഒരുങ്ങി. ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് റിക്കവേര്‍ഡ് ടീം പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു എന്നിവരാണ് കോവിഡ് റിക്കവേര്‍ഡ് ടീമിന്റെ രക്ഷാധികാരികള്‍.
കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിക്കുവാനും കോവിഡ് ബാധിച്ച് ജോലിയും മറ്റും നഷ്ടപ്പെട്ട നിര്‍ധനര്‍ക്ക് സഹായഹസ്തങ്ങളാവാനും സംഘടന ലക്ഷ്യമിടുന്നു. ജില്ലയിലെ കോവിഡ് മുക്തരായ എല്ലാവരും സി.ആര്.ടി മലപ്പുറം അംഗങ്ങളായിരിക്കും. ആവശ്യമായ ഘട്ടങ്ങളില്‍ മണ്ഡലം തലത്തിലും പഞ്ചായത്ത് / വാര്‍ഡ് തലങ്ങളിലും കോവിഡ് റിക്കവേര്‍ഡ് ടീം രൂപീകരിക്കും.
കോവിഡ് മലപ്പുറം ഒഫീഷ്യല്‍ വാട്സാപ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഉമര്‍ സഖാഫി മൂര്‍ക്കനാടാണ് ടീമിന്റെ പ്രസിഡന്റ്. ഷബീറലി തിരൂരങ്ങാടി, ഡോ. ബാസില്‍ നിലമ്പൂര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സിറാജ് ഇരിങ്ങാട്ടിരി സെക്രട്ടറിയും, ഷീബ രാജേഷ്, അന്‍ഷാദ് നിലമ്പൂര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.
- Log in to post comments