Skip to main content

33,775 ക്ലാസ്മുറികള്‍ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി 33,775 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍  (കൈറ്റ്) പൂര്‍ത്തിയാക്കി.  ഇതോടെ 75 ശതമാനം ക്ലാസ് മുറികളും  ഹൈടെക്കായി.
    ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.  ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ലാസ്മുറിക്ക് 1000 രൂപയും സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപയും സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നു. ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.  നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികള്‍ ഹൈടെക്കായ (3782 ക്ലാസ്മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3446) തൃശ്ശൂരുമാണ് (3085) തൊട്ടടുത്ത്.
     ക്ലാസ്മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കും. അടുത്ത അദ്ധ്യയനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളുളള സര്‍ക്കാര്‍എയിഡഡ്‌മേഖലകളിലെ എല്ലാ സ്‌കൂളുകളിലേയും ക്ലാസ്മുറികള്‍ ഹൈടെക്കാകും.  അവശേഷിക്കുന്ന 12000 ക്ലാസ് മുറികള്‍ സജ്ജമാകുന്ന മുറയ്ക്ക് ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ക്ലാസ് റൂം സജ്ജമാക്കിയ വിവരം കൈറ്റിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ ഏപ്രില്‍ 20 ന് മുമ്പ് അറിയിക്കണം.
    ഹൈടെക് ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള 'സമഗ്ര' റിസോഴ്സ് പോര്‍ട്ടല്‍ തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം അദ്ധ്യാപകര്‍ക്കും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും അവധിക്കാലത്ത് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.  ക്ലാസ് മുറികളില്‍ നെറ്റ്വര്‍ക്കിംഗ് നടത്തുന്ന പ്രക്രിയയും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.
    സെക്കന്ററിതലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള 11000 ലധികം പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരിത്തിയിട്ടണ്ട്.
പി.എന്‍.എക്‌സ്.1137/18 .

date