Skip to main content

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് കേരളത്തിന്റെ ആദരം

* കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി
    നാട് നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്‌ളാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ കായിക പ്രതിഭകള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ നടപടികളും സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ടീമിന്റെ യുവത്വവുമാണ് സന്തോഷ് ട്രോഫി നേടാന്‍ സഹായമായത്. ടീമംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ണമായും അര്‍ഹതയനുസരിച്ചായതും മികവിന് കാരണമായി. അതുകൊണ്ടുതന്നെ, ചുറുചുറുക്കോടെയും നല്ല വാശിയോടെയും നാടിന്റെയാകെ അഭിമാനമുയര്‍ത്തുന്ന പോരാട്ടം കാഴ്ചവെക്കാനായി.
    ഒരുപാട് ഇല്ലായ്മകളോട് പൊരുതുന്നവരാണ് ഇവരില്‍ പലരും. എന്നാല്‍ ഫുട്‌ബോളിന്റെ കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും നേടാന്‍ കഴിയുന്ന മികവ് അവര്‍ പുലര്‍ത്താനായി. എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയില്‍ കളിച്ചതായി നാടാകെ വീക്ഷിച്ചതാണ്.
അവരുടെ മികവിനെ നാം അംഗീകരിക്കുന്നു. അവരുടെ മികവ് ഇനിയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ എല്ലാം പിന്തുണയും നല്‍കേണ്ടതുണ്ട്. സര്‍ക്കാരിന് ചെയ്യാനാവുന്ന കാര്യങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനിയും നാടിന്റെ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  ടീമംഗങ്ങള്‍ക്കുള്ള ഉപഹാരവും ചെക്കും മുഖ്യമന്ത്രി സമ്മാനിച്ചു.
    വ്യവസായ, കായിക, യുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ രംഗത്ത് കേരളം തിരസ്‌കരിക്കാനാവാത്ത ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് മത്‌സരങ്ങളില്‍ തോല്‍ക്കാതെ അഭിമാനകരമായ വിജയമാണ് കേരളം സന്തോഷ് ട്രോഫിയില്‍ നേടിയത്. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള പാരിതോഷികങ്ങളും ജോലിയില്ലാത്തവര്‍ക്കുള്ള ജോലിയും പരിശീലനം ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. വീടില്ലാത്ത രണ്ടു കളിക്കാര്‍ക്ക് വീട് കൊടുക്കാനും തീരുമാനിച്ചിരുന്നു. പ്രതിഭകളെ സഹായിക്കാന്‍ നാടൊന്നാകെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അനുമോദനവും പാരിതോഷികങ്ങളും കായികതാരങ്ങള്‍ക്ക് പ്രചോദനമാണെന്ന് മറുപടി പ്രസംഗത്തില്‍ കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു.
    സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കായികവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് കായികതാരങ്ങളെ പരിചയപ്പെടുത്തി. മന്ത്രിമാരായ മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, എം. വിന്‍സന്റ് എം.എല്‍.എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.എ മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ നന്ദി പറഞ്ഞു. മുന്‍കാലങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മ്യൂസിയം ജംഗ്ഷനില്‍ നിന്ന്  വര്‍ണാഭ ഘോഷയാത്രയോടെയാണ് തുറന്ന വാഹനത്തില്‍ ട്രോഫി സഹിതം ടീമിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു സ്വീകരണത്തിനായി ആനയിച്ചത്.
    ഘോഷയാത്രയില്‍ പോലീസ് അശ്വാരൂഢ സേന, പോലീസ് ബാന്‍ഡ് മേളം, പോലീസ് ട്രെയിനിംഗ് കോളേജ് അംഗങ്ങള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, യുവജനക്ഷേമ ബോര്‍ഡ് വോളന്റിയര്‍മാര്‍, നെഹ്റു യുവകേന്ദ്ര അംഗങ്ങള്‍, എന്‍.എസ്.എസ് കേഡറ്റുകള്‍, സി.ആര്‍.പി.എഫ് സേന, റോളര്‍ സ്‌കേറ്റിംഗ് പ്രകടനം, വിവിധ ക്ലബുകളിലെയും സ്‌കൂള്‍ ഹോസ്റ്റലുകളിലെയും ഫുട്ബോള്‍ ടീമുകള്‍, എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പഞ്ചവാദ്യമേളം തുടങ്ങിയവ അകമ്പടിയായുണ്ടായിരുന്നു.
പി.എന്‍.എക്‌സ്.1293/18

date