Skip to main content

ഇടപ്പള്ളി ബ്‌ളോക്കില്‍ 14 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

 

ഇടപ്പള്ളി:  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2016-2017, 2017-2018 സാമ്പത്തിക വര്‍ഷങ്ങളില്‍ നടപ്പാക്കിയ ഗ്രാമ സ്വരാജ് പദ്ധതിയില്‍ നിര്‍മിച്ച മുഴുവന്‍ ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങും അധിക ധനസഹായ ഫണ്ടും വിതരണം ചെയ്തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പി.എ.യു പ്രോജ ക്റ്റ് ഡയറക്ടര്‍പി.കെ .തിലകന്‍ ഉദ്ഘാടനം ചെയ്തു. മുളവുകാട്, എളങ്കുന്നപ്പുഴ, കടമക്കുടി, ചേരാനെല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച പതിനാല് ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും അദ്ദേഹം നിര്‍വഹിച്ചു.  കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് സ്ലീബ അധിക ധനസഹായ തുക  ഗുണഭോക്താകള്‍ക്ക് വിതരണം ചെയ്തു. 

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .ആര്‍ ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.  എല്ലാ ജീവനക്കാരുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ഭവന നിര്‍മ്മാണ പദ്ധതി നൂതന ആശയങ്ങള്‍  ആവിഷ്‌കരിച്ചു കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കാനായതായി അദ്ദേഹം പറഞ്ഞു. 

 

പദ്ധതിയില്‍ നൂറു ശതമാനം വീടുകളും പൂര്‍ത്തിയാക്കി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 2017- 2018 ലെ മൂന്ന് ഭവനങ്ങള്‍ക്കുള്ള അധിക ധനസഹായമായി 150000 രൂപ നല്‍കി. 

 

ലൈഫ് പദ്ധതിയില്‍ പെടുത്തി പൂര്‍ത്തീകരിക്കാത്ത 12 വീടുകളുടെ നിര്‍മാണം മാര്‍ച്ച് 27 -ഓടെ പൂര്‍ത്തിയാക്കിയത് പ്രശംസാര്‍ഹമാണെന്ന് ബ്ലോക്ക് ഡവലപ്മന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ശ്രീ പ്രസന്ന കുമാരി  പറഞ്ഞു. താക്കോല്‍ ദാനം നിര്‍വഹിച്ച 14 വീടുകളില്‍ രണ്ടു വീടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. 

 

ചടങ്ങില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും  ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ  ലില്ലി ആല്‍ബര്‍ട്ട്, വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.ജോസഫ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഇ .കെ.പുഷ്‌കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെലിന്‍ ചാള്‍സ്, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സോണി ചീക്കു, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഹൗസിങ് ജാന്‍സി ജോസഫ്, പഞ്ചായത്ത് ബി.ഡി.ഒ മാര്‍ ,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date