Skip to main content

അഞ്ച് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 1760 കോടി രൂപയുടെ അനുമതി

 
സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 1759,84,52,931 രൂപയുടെ ഭരണാനുമതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 717.29 കോടി രൂപയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് 70.72 കോടി രൂപയും കോട്ടയം ജനറല്‍ ആശുപത്രിക്ക് 219.90 കോടി രൂപയും വയനാട് മെഡിക്കല്‍ കോളേജിന് 625.38 കോടി രൂപയും മാവേലിക്കര ജില്ലാ ആശുപത്രിക്ക് 126.55 കോടി രൂപയുമാണ് കിഫ്ബി വഴി അനുവദിച്ചത്. ഇന്‍കെല്‍ ലിമിറ്റഡിനെയാണ് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി.) ആയി ചുമതലപ്പെടുത്തിയത്.
മെഡിക്കല്‍ കോളേജുകളിലും, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും കിഫ്ബി സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണാനുമതി നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ ആശുപത്രികളുടെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് തുക അനുവദിച്ചത്. ചില പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വകുപ്പിന്റെ വികസനം, സ്‌കില്‍ ലാബ്സ്, മെഡിക്കല്‍ ഗ്യാസ് വിതരണ സംവിധാനം, ക്യാമ്പസ് വൈഫൈ, ഇമേജോളജി ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിയിലെ മൊത്തം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്. കെട്ടിട നിര്‍മ്മാണം, ജലവിതരണം, സോളാര്‍, മെഡിക്കല്‍ ഗ്യാസ് തുടങ്ങിയവയ്ക്കാണ് കോട്ടയം ജനറല്‍ ആശുപത്രിയ്ക്ക് തുക അനുവദിച്ചത്. 
മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നീ വിഭാഗങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വയനാട് മെഡിക്കല്‍ കോളേജിന് തുക അനുവദിച്ചത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മാവേലിക്കര ജില്ലാ ആശുപത്രിക്ക് തുക അനുവദിച്ചത്. 
ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമായി ഇന്‍കലിനെയാണ് ചുമതലപ്പെടുത്തിയത്. ഇന്‍കല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് ഭരണാനുമതി നല്‍കിയത്.
ഭരണാനുമതി നല്‍കിയ എല്ലാ ആശുപത്രികളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ ആശുപത്രികളുടെ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ പറഞ്ഞിരുന്നതാണ്. അതാണിപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 
പി.എന്‍.എക്‌സ്.1680/18
date