Skip to main content

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കൂട്ടായ ശ്രമം വേണം: ആശ സനില്‍

കാക്കനാട്: എല്ലാ കുട്ടികളും നമ്മുടെ വീട്ടിലെ അംഗങ്ങളെന്നു കരുതുമ്പോള്‍ മാത്രമേ കുട്ടികള്‍ക്കെതിരായ ചൂഷണവും അവകാശ ലംഘനങ്ങളും അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍. ജില്ലാ ഭരണകൂടവും എറണാകുളം സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി  സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണം തൃക്കാക്കര ഓപ്പണ്‍എയര്‍ സ്‌റ്റേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

ബാലവേല ഇന്ന് വര്‍ധിച്ചുവരുന്നു. സിഗ്നലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ പലവിധ ഉത്പന്നങ്ങളുമായെത്തുന്ന നമ്മുടെ മുന്നിലെത്തുന്ന കുട്ടികള്‍ ഇതര സംസ്ഥാനക്കാരായിരിക്കാം. അവരും നമ്മുടെ കുടുംബാംഗങ്ങളാണെന്നു കരുതി ചൂഷണങ്ങളെ കൂട്ടായി എതിര്‍ക്കാന്‍ കഴിയണം. കുട്ടികള്‍ക്കെതിരായ ചൂഷണവും പീഢനവും സമൂഹത്തില്‍ വര്‍ധിക്കുകയാണ്. ഇവയ്‌ക്കെതിരായ ബോധവത്കരണമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. 

കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി ബോധവത്കരണം ലക്ഷ്യമിട്ട സംഘടിപ്പിക്കുന്ന വാഹനപര്യടനം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. അങ്കണവാടികുട്ടികള്‍ക്കായി ജില്ലാതലത്തില്‍ നടത്തിയ മത്സരവിജയികള്‍ക്കുളള സമ്മാനദാനവും ജില്ല കളക്ടര്‍ നിര്‍വഹിച്ചു. എന്റെ അവകാശം എന്റെ സംരക്ഷണം എന്ന മുദ്രാവാക്യവുമായാണ് ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. തൃക്കാക്കര ഭാരത് മാത കോളേജ് വിദ്യാര്‍ഥികളുടെ തെരുവ് നാടകവും തത്സമയ പ്രശ്‌നോത്തരി മത്സരവും നടന്നു. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാഹന പര്യടനം നടന്നു.

തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ.കെ. നീനു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈന, ഹസീന, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പദ്മജ നായര്‍, ജില്ല സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, ശിശു സംരക്ഷണ യൂണിറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇന്ന് (നവംബര്‍ 15ന്) കാലടി, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലായിരിക്കും വാഹന പര്യടനം. 16ന് തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലാണ് വാഹന പര്യടനം നടത്തുക. നവംബര്‍ 17ന് കളമശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്റെ സുരക്ഷ എന്റെ അവകാശം എന്ന വിഷയത്തില്‍ കുട്ടികളുടെ സെമിനാര്‍ നടത്തും. ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ ഫഌഷ് മോബ് ഉണ്ടായിരിക്കും.

നവംബര്‍ 18ന് ഞങ്ങളുടെ അവകാശങ്ങളിലേക്ക് ഒരു ചുവട് എന്ന പേരില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. ആലുവ, കലൂര്‍, ഇടപ്പള്ളി ടോള്‍, ഹൈക്കോടതി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെരുവുനാടകം ഉണ്ടായിരിക്കും. നവംബര്‍ 19ന് രാവിലെ 9ന് മറൈന്‍ ്രൈഡവില്‍ നിന്ന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. 19ന് വൈകിട്ട് നാലിന് പറക്കട്ടെ ഞാനും ആകാശം മുട്ടെ എന്ന പേരില്‍ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ പട്ടം പറത്തല്‍ സംഘടിപ്പിക്കും. 20 ന് സമാപന സമ്മേളനവും പോസ്റ്റര്‍ പ്രദര്‍ശനവും കാക്കനാട് കലക്ടറേറ്റില്‍ നടക്കും.

ഫഌഷ് മോബ്, ടാബ്‌ളോ, പ്രശ്‌നോത്തരി മത്സരം, തെരുവുനാടകം തുടങ്ങിയവ വിവിധ കോളേജുകളുമായി ചേര്‍ന്നാണ്ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നത്. തൃക്കാക്കര ഭാരത് മാതാകോളേജ്, എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ് കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ് കോളേജ്, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ് തുടങ്ങിയ കോളേജുകളാണ് ബാലാവകാശ വാരാചരണം സംഘടിപ്പിക്കാന്‍ ജില്ലാ ശിശു സംരക്ഷണയൂണിറ്റുമായി കൈകോര്‍ക്കുന്നത്.

date