Skip to main content

മാലിന്യങ്ങള്‍ പുനരുപയോഗ്യമാക്കുന്ന വ്യവസായങ്ങള്‍ക്ക്  സര്‍ക്കാര്‍ സഹായം ഉറപ്പാക്കും: മന്ത്രി കെ. ടി. ജലീല്‍. 

കൊച്ചി: വിവിധ മാലിന്യങ്ങള്‍ പുനരുപയോഗ്യമാക്കുന്ന വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍. തിരുമാറാടി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിന്റെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാനാണ് സര്‍ക്കാര്‍ ശ്രമം. മാലിന്യ സംസ്‌കരണ മേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറുള്ള സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ വിജയകരമായി നടത്താന്‍ കഴിയാത്ത സാങ്കേതിക തടസങ്ങള്‍ ഉണ്ട്. ഈ തടസങ്ങള്‍ മറികടക്കുന്നതിനാണ് ഈ മേഖലയില്‍ സ്വകാര്യ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. 

പേപ്പര്‍, ഇലക്ട്രോണിക്‌സ്, ഗ്ലാസ് മാലിന്യങ്ങളുടെ റീ സൈക്കിളിംഗ് കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ റീ സൈക്കിളിംഗ് ചെയ്ത് വരുന്നത്. കെ.എസ്.ഐ.ഡി.സി യുടെ സഹായത്തോടെ ഇത്തരം കമ്പനികള്‍ ആവിഷ്‌കരിക്കാനാണ് ശുചിത്വ മിഷന്റെ ശ്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരുവ നായ പ്രശ്‌നം പരിഹരിക്കാന്‍ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന തെരുവ് നായ വന്ധീകരണ ക്ലിനിക് എല്ലാ ജില്ലാ പഞ്ചായത്തുകളിലും ആവിഷ്‌കരിക്കും. ഹരിത കേരളത്തിന് മികച്ച പിന്തുണ ലഭിക്കുന്നതായും മന്ത്രി  പറഞ്ഞു.

അനൂപ് ജേക്കബ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. എന്‍. വിജയന്‍, ബ്ലോക്ക് പഞ്ചായ്ക്ക് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.എന്‍. സുഗതന്‍, മുന്‍ എം.എല്‍.എ എം.ജെ. ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോഷി സ്‌കറിയ, ജോയ്‌സ് മാമ്പിള്ളി, സുഷമ മാധവന്‍, മിനി കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

date