Skip to main content

മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ നടപടി ഏര്‍പ്പെടുത്തും

 

മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ നടപടികള്‍ ഫലപ്രദായും സമയബന്ധിതമായും നടപ്പാക്കുമെന്ന് ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

മുതലപ്പൊഴി ഹാര്‍ബറില്‍ നടപ്പാക്കേണ്ട സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുതലപ്പെഴി ഹാര്‍ബറില്‍ നടപ്പാക്കുന്ന സുരക്ഷാ പദ്ധതികളെകുറിച്ച് ചില സന്നദ്ധ സംഘടനാ പ്രതിനിധികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.  

ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ മണ്ണും മുന്‍കാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിക്ഷേപിക്കപ്പെട്ട വലിയ പാറകളും മാറ്റിയെങ്കില്‍ മാത്രമേ മുതലപ്പൊഴി ഹാര്‍ബര്‍ അപകടരഹിതമാക്കാന്‍ കഴിയുകയുള്ളു.  ഇതിനുള്ള ടെന്ററില്‍ കരാറുകാര്‍ പലതവണ കരാര്‍ വച്ചെങ്കിലും പദ്ധതി വിജയകരമായി നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.  അപ്പോഴാണ് മുതലപ്പൊഴി ഹാര്‍ബര്‍ പുനരുദ്ധാരണ പ്രവര്‍ത്തനവുമായി അദാനി ഗ്രൂപ്പ് മുന്നോട്ട് വന്നത്.  ഹാര്‍ബറിലേക്ക് പാറ കൊണ്ടു പോകുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് പകരമായി സൗജന്യ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അദാനി ഗ്രൂപ്പ് മുതലപ്പൊഴിയില്‍ നടത്തുന്നത്.  ഇന്ത്യയില്‍ തന്നെയുള്ള ഏറ്റവും വലിയ ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നത്.  

വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മ്മാണത്തിനാവശ്യമായ പാറ കൊണ്ടു പോകുമ്പോള്‍ റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ അതതു സമയം അദാനി ഗ്രൂപ്പ് തന്നെ പരിഹരിക്കും.  ഹര്‍ബറില്‍ നിര്‍മ്മിക്കുന്ന വാര്‍ഫ് അതിന്റെ ഉപയോഗശേഷം തദ്ദേശവാസികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ വകുപ്പിന് കൈമാറും. മുതലപ്പൊഴി അപകടരഹിതമാക്കാനുള്ള പദ്ധതിയുമായി നാട്ടുകാര്‍ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.  യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഫിഷറീസ് സെക്രട്ടറി, ഡയറക്ടര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍,  അദാനി ഗ്രൂപ്പ്, വിസില്‍ മാനേജിംഗ് ഡയറക്ടര്‍, അദാനി ഗ്രൂപ്പ,് സി.ഇ.ഒ പെരുമാതുറ, ജമാ അത്ത് ഭാരവാഹികള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.1883/18

date