Skip to main content

പുകയിലക്കെതിരെ ബോധവത്കരണം നടത്താന്‍ എല്ലാവരും  രംഗത്ത് ഇറങ്ങണം-മന്ത്രി ടി.പി.രാമകൃഷ്ണന്‍

 

പുകയിലക്കെതിരായ പ്രവര്‍ത്തനം ദിനാചരണത്തില്‍ മാത്രം ഒതുങ്ങാതെ ശക്തമായ ബോധവത്കരണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് എക്‌സൈസ് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

യുവാക്കളാണ് ഇപ്പോള്‍ പുകയില ഉല്‍പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇവരുടെ ഇടയിലാണ് ബോധവത്കരണം ശക്തമാക്കേണ്ടത്. പുകയില ഉപയോഗിക്കാത്തവരും ഇപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. പാസീവ് സ്‌മോക്കിങ്, തേര്‍ഡ് ഹാന്റ് സ്‌മോക്കിങ് എന്നിവയും ഇപ്പോള്‍ നിരവധി പേരുടെ മരണത്തിനും ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പുകയിലയുടെ ഉപയോഗം വ്യക്തിയെ മാത്രമല്ല കുടുംബത്തെ തന്നെ നശിപ്പിക്കുന്നു. പുകയില ഉപയോഗിക്കുന്നതിനാല്‍ ഓരോ വര്‍ഷവും ലോകത്ത് ആറുലക്ഷത്തോളം പേരാണ് മരിക്കുന്നത്. പുകയിലയുടെ ഉപയോഗം ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ പുകയില ഉപയോഗം നിരോധിച്ചത് ഇതിന് സഹായകമായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.    

  നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.മാര്‍ത്താണ്ഡപിള്ള മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ഡോ.ഷിജു സ്റ്റാന്‍ലി എന്നിവര്‍ ആശംസ നേര്‍ന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതവും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ പി. ബി.നൂഹ് നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി പുകയില വിരുദ്ധ ചിത്രരചന നടത്തി. എക്‌സൈസ് വകുപ്പിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പടിവരെ കാക്കരുതേ എന്ന നാടകവും നടന്നു. 'പുകയില ഹൃദയത്തെ തകര്‍ക്കുന്നു' എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ മുദ്രാവാക്യം. 

പി.എന്‍.എക്‌സ്.2111/18

date