Skip to main content

കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ കൃഷിയില്‍ പ്രതിഫലിക്കണം : മുഖ്യമന്ത്രി പിണറായി വിജയന്‍

കൃഷിശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങളുടെ ഗുണം നാടിന്‍റെ കാര്‍ഷിക വളര്‍ച്ചയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും പുത്തന്‍ വിത്തിനങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ പല രാജ്യങ്ങളിലെയും കാര്‍ഷിക അഭിവൃദ്ധിക്ക് പിന്നില്‍ അവിടങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകളും കൃഷി ശാസ്ത്രജ്ഞരും വഹിച്ച പങ്ക് വലുതാണ് ആ രീതിയില്‍ കൃഷി ശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണഫലങ്ങള്‍ നാട്ടിലെ കര്‍ഷകരിലെത്തിക്കണം. സംസ്ഥാനത്തെ കാര്‍ഷിക മേഖലയക്ക് വലിയ സംഭാവന കൃഷി ശാസ്ത്രജ്ഞരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. അതിന്‍റെ തുടക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 23 പുത്തന്‍ വിത്തിനങ്ങള്‍ പുറത്തിറക്കയിതിലൂടെ നാടിനോടുളള കരുതലാണ് കൃഷി ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ചത്.  ഈ നില തുടരേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
    ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാല ഊന്നല്‍ നല്‍കണം. ലോകത്ത് വിത്തിന്മേലുളള അധികാരം കവര്‍ന്നെടുക്കാനുളള ശ്രമവും അന്തകവിത്തുകളുടെ വ്യാപനവും സാര്‍വ്വത്രികമായി നടക്കുന്നു. നമ്മുടെ നാടിന് യോജിച്ചതല്ല ഇത്. ഇത്തരം നീക്കങ്ങള്‍ ജൈവ അസന്തുലനത്തിന് വഴിവെക്കും. ഈ പശ്ചാത്തലത്തിലാണ് കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നത്. നമ്മുടെ നാടിന്‍റെ അമൂല്യങ്ങളായ വിളകളുടെ ജനിതകശേഖരം തയ്യാറാക്കാനുളള അധികാരമാണ് കേരള കാര്‍ഷിക സര്‍വകലാശാല നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
    കുരുമുളക് കൃഷിയിലുണ്ടായിരുന്ന കേരളത്തിന്‍റെ ആധിപത്യം തിരിച്ച് പിടിക്കാന്‍ ശാസ്ത്രലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉത്തേജനം നല്‍കുന്നതായി ശാസ്ത്രലോകം മാറണം. കര്‍ഷകലോകവുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുളള ഇടപെടല്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതുവരെ പുറത്തിറക്കിയ അത്യുല്‍പാദനശേഷിയുളള വിത്തിനങ്ങളും തൈകളും വ്യാപിപ്പിക്കാന്‍ കഴിയണം- മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
    കൃഷിവകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയാംഗീകാരം നേടിയ കര്‍ഷകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. പുത്തന്‍ വിത്തനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍ ഏറ്റുവാങ്ങി. വിത്തു വികസിപ്പിച്ചെടുത്ത കര്‍ഷകരെ വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ ആദരിച്ചു. ജൈവ വൈവിധ്യ പദ്ധതിയുടെ ധാരണപത്രം അഡ്വ. കെ രാജന്‍ എം എല്‍ എ സ്വീകരിച്ചു. കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ എക്സ് പദ്ധതി വിശദീകരിച്ചു. മുരളി പെരുനെല്ലി എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു സ്വാഗതവും ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ. പി ഇന്ദിരാദേവി നന്ദിയും പറഞ്ഞു.
 

date