Skip to main content

സംസ്കാരിക കലാപാരമ്പര്യത്തെ വീണ്ടെടുക്കുക:  ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു

   സാംസ്കാരിക വളര്‍ച്ച കൂടിയാണ് രാജ്യപുരോഗതിയെ നിര്‍ണ്ണയിക്കുന്നതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. ഗുരുവായൂരില്‍ പാരമ്പര്യ കലാരൂപമായ അഷ്ടപദിയാട്ടത്തിന്‍റെ വീണ്ടെടുക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശോന്മുഖമാകുന്ന നിരവധി കലാ സാംസ്കാരിക രൂപങ്ങളുടെ നാടാണ് ഭാരതം. അവ വീണ്ടെടുക്കുകയും പരിപോഷിപ്പിക്കുകയുമാണ് നമ്മുടെ കടമ. സാമൂഹികവും മാനവീകവുമായ ഉന്നതിയിലേക്ക് ഒരു സമൂഹം വളരണമെങ്കിലും അതിന്‍റെ പാരമ്പര്യ കലാരൂപങ്ങളെയും സാംസ്കാരിക തനിമയേയും വീണ്ടെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. വെങ്കയ്യനായിഡു പറഞ്ഞു. 
    ലൗകിക ജീവിതഭാരങ്ങളില്‍ നിന്നും ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള മനുഷ്യന്‍റെ അന്വേഷണങ്ങളാണ് കലാരൂപങ്ങളേയും സാഹിത്യത്തേയും തത്വചിന്തയേയും ആത്മീയതയേയും സൃഷ്ടിച്ചത്. ഭാവനാത്മകമായ സര്‍ഗ്ഗസൃഷ്ടികളിലൂടെ യഥാര്‍ത്ഥ സത്യത്തെ തേടുകയായിരുന്നു നമ്മുടെ സമൂഹം. അത്തരം ഈട്വെപ്പുകളെ സംരക്ഷിച്ച് കൊണ്ട് മാത്രമേ ഒരു സമൂഹത്തിന് മുന്നോട്ടുപോകുവാന്‍ കഴിയുകയുളളു.  മാനവികതയിലും സഹിഷ്ണുതയിലുമൂന്നിയ സമൂഹമായി വളരണമെങ്കില്‍ നമ്മുടെ കലാ സാംസ്കാരിക പാരമ്പര്യത്തെ മുറുകെ പിടിക്കേണ്ടതുണ്ട് അദ്ദേഹം വ്യക്തമാക്കി.  
    പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജയദേവകവിയെഴുതിയ ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ 'അഷ്ടപദിയാട്ടം' നൃത്തനാടകത്തെ ശ്രീ ഗുരുവായൂരപ്പന്‍ ധര്‍മ്മ കലാസമുച്ചയം ട്രസ്റ്റിന്‍റ്െ (എസ് ജി ഡി കെ എസ് ) ആഭിമുഖ്യത്തില്‍ വീണ്ടെടുക്കുന്നതിന്‍റെ പ്രാധാന്യമിതാണ്. വൈവിധ്യമാര്‍ന്ന നമ്മുടെ നാട്ടിലെ നിരവധി നൃത്തകലാരൂപങ്ങളുടെ ഭാഗമാണ് ഗീതാഗോവിന്ദം. മണിപ്പൂരി നൃത്തം, മോഹിനിയാട്ടം, ഒഡീസി, കുച്ചുപ്പുഡി, യക്ഷഗാനം, സോപാനസംഗീതം, ബംഗാളിലെ ശ്രീ ചൈതന്യപ്രസ്ഥാനം തുടങ്ങിയവയൊക്കെ പ്രചോദനമായ ഗീതാഗോവിന്ദം നമ്മുടെ നാടിനെ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച കൃതി കൂടിയാണ്. രാധാകൃഷ്ണ പ്രണയ സങ്കല്പത്തിലൂടെ നാടിന്‍റെ ഹൃദയത്തെ ഒരു ചരടില്‍ കോര്‍ക്കുകയായിരുന്നു ഗീതാഗോവിന്ദം. സാഹിത്യപരമായും സംഗീതപരമായും മികച്ച് നിന്ന ആ കൃതി വിവിധ കലാരൂപങ്ങള്‍ക്ക് അനുഗുണമായി മാറി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. തന്‍റെ ഒരു മാസത്തെ വേതനം ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 
    പൂന്താനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന് 20 ലക്ഷം രൂപ അനുവദിച്ചതായി കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ്ശര്‍മ്മയും ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ്ണപിന്തുണ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനും ആശംസാപ്രസംഗത്തില്‍ അറിയിച്ചു. എസ് ജി ഡി കെ എസ് പ്രസിഡണ്ട് പൂമുള്ളി നാരായണന്‍ നമ്പൂതിരി പങ്കെടുത്തു. എസ് ജി ഡി കെ എസ് സ്ഥാപക ട്രസ്റ്റി ഡോ. ഇ. ശ്രീധരന്‍ സ്വാഗതവും മാനേജിംഗ് ട്രസ്റ്റി ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു. 
    പകല്‍ 12.15 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവിനെ സി.എന്‍. ജയദേവന്‍ എം.പി, മുരളി പെരുനെല്ലി എം.എല്‍.എ, ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവര്‍ സ്വീകരിച്ചു. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം , ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ അനുഗമിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഇന്‍റലിജന്‍റ്സ് വിഭാഗം ഡിജിപി വിനോദ്കുമാര്‍, തൃശൂര്‍ മേഖല ഐജി എം ആര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനും ഉദ്ഘാടന പരിപാടികള്‍ക്കും ശേഷം മടങ്ങിയ ഉപരാഷ്ട്രപതിയെ ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്‍, സബ് കളക്ടര്‍ ഡോ. രേണുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രയാക്കി.  

date