Skip to main content

നാടിന്‍റെ വികസനത്തിന് വിദ്യാഭ്യാസത്തെ സംരക്ഷിക്കണം: വികസന സെമിനാര്‍

സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ വിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്ന് വിദ്യാഭ്യാസ സെമിനാര്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' എന്ന വിഷയത്തിലുള്ള സെമിനാറിലാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി ഡോ. എം എന്‍ സുധാകരന്‍ വിഷയം അവതരിപ്പിച്ചു.
    കുറഞ്ഞ വരുമാനത്തിലും മെച്ചപ്പെട്ട ജീവിത മാതൃകകള്‍ ലോകത്തിനു സമര്‍പ്പിച്ച നാടാണ് കേരളം. വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യമാണ് ആഗോള തലത്തില്‍ കേരളത്തെ ശ്രദ്ധേയമാക്കുന്നത്. സംസ്ഥാനം രൂപപ്പെട്ട കാലം മുതല്‍ ആരോഗ്യസുരക്ഷയിലും ജനന, മരണനിരക്ക് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ഒപ്പം ജനങ്ങളുടെ പൊതുബോധം വളര്‍ത്തുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായത് വിദ്യാഭ്യാസത്തിന്‍റെ ഫലം ഒന്നുകൊണ്ടുമാത്രമാണ്. 
    നിലവിലുള്ള സാഹചര്യമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ വഴി ലഭിക്കുന്ന വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഏറെ ഉതകുന്ന മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസത്തെ വിപണി വഴി വില്‍ക്കാതെ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത പ്രവണത കേരളത്തെ സംബന്ധിച്ച് വലിയ കാര്യമാണെന്നും വിദ്യാഭ്യാസ രംഗത്ത് എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് പൊതുജന പങ്കാളിത്തത്തോടെയായിരിക്കണമെന്നും വികസന സെമിനാര്‍ ആവശ്യപ്പെട്ടു.      
    തൃശൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്‍റര്‍ ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ ബെന്നി ജേക്കബ് മോഡറേറ്ററായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. എം ആര്‍ സുഭാഷിണി, കില ഫാക്കല്‍റ്റി ഡോ. പീറ്റര്‍ എം രാജ്, പ്രൊഫ. കെ ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. എ ഇ ഒ സച്ചിദാനന്ദന്‍, എസ് എസ് എ പ്രതിനിധി പ്രകാശ്ബാബു, പ്രധാന അദ്ധ്യാപകരുടെ പ്രതിനിധി രാജന്‍ മാസ്റ്റര്‍, കല ടീച്ചര്‍ എന്നിവര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ആര്‍ മല്ലിക സ്വാഗതവും തൃശൂര്‍ ഡി ഇ ഒ മനോഹര്‍ ജവഹര്‍ നന്ദിയും പറഞ്ഞു.

 

date