Skip to main content

അതിവേഗ ഇന്റർനെറ്റ് ഗുണമേന്മയോടെ കെ ഫോണിലൂടെ  ലഭ്യമാകും: മുഖ്യമന്ത്രി

 

* പുല്ലമ്പാറ ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്

അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ഗുണമേൻമയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ  പുല്ലമ്പാറയെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.

കെ ഫോൺ പദ്ധതി ഏറെക്കുറെ പൂർണതയിലേക്ക് എത്തുന്നു. നൂതന വിജ്ഞാന ശൃംഖലയുമായി നമ്മുടെ നാടിനെ വിളക്കിച്ചേർക്കാൻ വേണ്ട നടപടികളാണ് സർക്കാർ ചെയ്യുന്നത്. വിവിധ തലത്തിലുള്ള ഇടപെടലിൽ ഒന്നാണ് ഇന്റർനെറ്റ് സൗകര്യം ഒരുക്കൽ. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.ഓരോ പൗരനും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തിൽ ഒതുങ്ങരുതെന്നും പ്രവർത്തിപഥത്തിൽ എത്തണം എന്നതിനാലുമാണ് കെ ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

30000ത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ ശൃംഖലയാണ് വരുന്നത്. ഇതിനായി 1611 കോടി രൂപ ചെലവഴിക്കുന്നു.

ഡിജിറ്റൽ സാക്ഷരത ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. അക്ഷര പരിജ്ഞാനത്തിനൊപ്പം ഡിജിറ്റൽ സങ്കേതം, മാധ്യമം, നിയമം എന്നിവയിലെല്ലാം സാക്ഷരത അനിവാര്യമാണ്. എങ്കിലേ ഗുണമേൻമയുള്ള ജീവിതം നമുക്ക് നയിക്കാനാകൂ. സംസ്ഥാനത്ത് 800ലധികം സർക്കാർ സേവനം ഓൺലൈനായി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ഡി.കെ.മുരളി എം.എൽ.എ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എന്‍.എക്സ്. 4374/2022

date