Skip to main content

എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ: മന്ത്രി വീണാ ജോർജ്

*സെപ്റ്റംബർ 28 ലോക റാബീസ് ദിനം

*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും കടിയേറ്റ് വരുന്നവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്ക്കെത്തുന്നവർക്ക് അവബോധവും കൗൺസിലിംഗും നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും സെപ്റ്റംബർ 28ന് ലോക റാബിസ് ദിനം ആചരിക്കുന്നു. ഈ വർഷത്തെ ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആർട്സ് കോളേജിൽ വച്ച് സെപ്റ്റംബർ 28ന് രാവിലെ 10.15 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും അവബോധം ശക്തിപ്പെടുത്തുന്നതാണ്. വിദ്യാർത്ഥികളിലൂടെ അവബോധം കുടുംബങ്ങളിൽ വേഗത്തിലെത്തിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം കോളേജ് കാമ്പസിലാക്കിയത്.

'ഏകാരോഗ്യം, പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം' എന്നതാണ് ഈ വർഷത്തെ ലോക റാബീസ് ദിന സന്ദേശം. സംസ്ഥാനത്ത് നായകളിൽ നിന്നുള്ള കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ലോക റാബീസ് ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സർക്കാരിന്റെ വൺ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്ര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്സിൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

എത്ര വിശ്വസ്തരായ വളർത്തു മൃഗങ്ങൾ കടിച്ചാലും വാക്സിനേഷൻ എടുക്കണം. ഒപ്പം പ്രഥമ ശുശ്രൂഷയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്

· പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം

· കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക

· എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക

· മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.

· കൃത്യമായ ഇടവേളയിൽ വാക്സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം

· കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിൻ എടുക്കണം

· വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക

· വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തുക

· മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയരുത്

· പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാൽ അവഗണിക്കരുത്.

പി.എൻ.എക്സ്.  4508/2022

date