Skip to main content

ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി: മന്ത്രി വീണാ ജോർജ്

 

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടി ആരംഭിച്ചു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനും അതിലൂടെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്)ലക്ഷ്യ സ്റ്റാൻഡേർഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ശ്രമം.

സംസ്ഥാനത്ത് നിലവിൽ 148 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 5 ജില്ലാ ആശുപത്രികൾ4 താലൂക്ക് ആശുപത്രികൾ8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. ഇതിനു ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.

പി.എൻ.എക്സ്. 6105/2022

date