Skip to main content

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പതിനൊന്നാം വാർഷികം ആഘോഷിക്കുന്നു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) പതിനൊന്നാം വാർഷികം ആഘോഷിക്കുന്നു. കോവളത്ത് ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ 20ന് വൈകിട്ട് 5ന് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.എ.ടി ചെയർമാനും കേരള ഹൈക്കോടതി ജഡ്ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം അധ്യക്ഷത വഹിക്കും. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ്. ആന്റണി ഡൊമിനിക് മുഖ്യാതിഥിയാകും. സംസ്ഥാന ധന മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സർക്കാർ സ്‌കൂൾ അധ്യാപകരുടെയും പ്രത്യേകം അധികാരപ്പെടുത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സർവീസ് സംബന്ധമായ വ്യവഹാരങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് സംബന്ധിക്കുന്ന വ്യവഹാരങ്ങളുമാണ് കെ.എ.ടിയുടെ പരിധിയിൽ വരുന്ന കേസുകൾ.

തിരുവനന്തപുരം വഞ്ചിയൂർ ജില്ലാകോടതി വളപ്പിനോട് ചേർന്ന് മുൻപ് കളക്ടറേറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് കെ.എ.ടി പ്രവർത്തിക്കുന്നത്. എറണാകുളം അഡീഷണൽ ബഞ്ചിന്റെ പ്രവർത്തനം ജോസ് ജംഗ്ഷനടുത്ത് സദനം റോഡിലുള്ള കെട്ടിടത്തിലാണ്. പ്രവർത്തനം ആരംഭിച്ച് പതിനൊന്ന് വർഷം പിന്നിടുമ്പോൾ 45,403 കേസുകളാണ് ട്രൈബ്യൂണൽ തീർപ്പാക്കിയത്. നിലവിൽ 10,606 കേസുകൾ പരിഗണനയിലുണ്ട്.

പി.എൻ.എക്സ്. 6160/2022

date