Skip to main content

അക്ഷരവെളിച്ചം പകരാൻ കൊടകര ഗവ. എൽ പി സ്കൂളിൽ  'മയിൽപീലി'

 

കുരുന്നുകള്‍ക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകരാൻ  കൊടകര ഗവ. എൽപി സ്കൂളിൽ 'മയിൽപീലി' ഒരുങ്ങുന്നു. പ്രവേശനകവാടം മുതൽ ക്ലാസ്മുറികൾ വരെ പുത്തൻ പഠനരീതിയും അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് ഒരു നൂറ്റാണ്ട് പിന്നിട്ട സ്കൂൾ ഒരുങ്ങുന്നത്. 

'സ്റ്റാർസ്' പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും കൊടകര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. വിശാലമായ സ്‌കൂള്‍ മുറ്റത്തെ മനോഹര ശില്പങ്ങൾ ആരുടെയും മനം കവരും. ഗുഹാ സങ്കൽപ്പത്തിൽ ഒരുക്കിയ വായനക്കൂടാരം, കുട്ടിത്തീവണ്ടി, തണ്ണിമത്തൻ സ്ലൈഡർ, കണക്കുമല, ടയർ കൊണ്ട് ഉണ്ടാക്കിയ മുച്ചക്ര വാഹനം എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളാണ്. ക്ലാസ്മുറിയിലെ ചുവരുകൾ കേരള സംസ്കാരം, ഗതാഗതം, ശീലങ്ങൾ, വിവിധതരം ജോലിയിൽ ഏർപ്പെടുന്നവർ, കാട്, മല എന്നീ ചിത്രങ്ങളാൽ സമ്പന്നം. കുട്ടികളിലെ മാനസികവും ബൗദ്ധികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

എസ് എസ് കെ നിര്‍ദേശമനുസരിച്ച് 12  കോര്‍ണറുകള്‍ സ്കൂളിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാന അധ്യാപിക ടി ആർ ജയ പറഞ്ഞു. ഭാഷാവികസനയിടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (ആവിഷ്ക്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം,നിർമ്മാണയിടം, കരകൗശലയിടം, ഇ-ഇടം,  കളിയിടം എന്നിങ്ങനെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നുണ്ട്.

date