Skip to main content
ജനചേതനയാത്ര

സാംസ്കാരിക നഗരിയിൽ ആവേശം നിറച്ച് ജനചേതനയാത്ര

 

ലൈബ്രറി കൗൺസിലിന്റേത് അന്ധവിശ്വാസങ്ങൾക്കെതിരെ  ശക്തമായ പ്രതിരോധം: മന്ത്രി ആർ ബിന്ദു

സമൂഹത്തിൽ കടന്നുകൂടുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധമാണ് ലൈബ്രറി കൗൺസിൽ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയുടെ  സമാപന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യുക്തിചിന്തയും ശാസ്ത്രബോധവും പുരോഗമന വീക്ഷണവും സമൂഹത്തിൽ ഉയർത്താൻ ലൈബ്രറി കൗൺസിൽ ജാഥയ്ക്ക് കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

 യുക്തിചിന്തയിൽ അധിഷ്ഠിതമായ സംവാദസദസ്സുകൾ കൂടുതൽ ഊർജിതമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും പ്രവർത്തനഫലമായാണ് അന്ധവിശ്വാസങ്ങളെ തുടച്ച് തീക്കാൻ കഴിഞ്ഞത്. അവയെ വീണ്ടും സമൂഹത്തിൽ കയറാൻ അനുവദിക്കരുത്. യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗ്രന്ഥശാലകൾ പ്രവർത്തിക്കണം. ഒരു പ്രദേശത്ത് വെളിച്ചം പകരുന്ന ഗ്രന്ഥശാലകൾ ജനങ്ങളുടെ യുക്തിബോധം ഉണർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നവ വൈജ്ഞാനിക സമൂഹത്തെ ഉയർത്തി പിടിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങളെ ജനകീയ മുന്നേറ്റങ്ങളോടെ തുടച്ച് നീക്കണമെന്നും ആത്മശുദ്ധീകരണം അതിനാവശ്യമാണെന്നും മുഖ്യാതിഥിയായി പങ്കെടുത്ത റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ജാഥാംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.

കേരള സാഹിത്യ അക്കാദമി പരിസരത്ത് നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. ഏഴ് താലൂക്കുകളിൽ നിന്നായി അണിനിരന്ന വിവിധ കലാരൂപങ്ങൾ നിറഞ്ഞ  ഘോഷയാത്ര പൂരനഗരിയിൽ ആവേശമായി. മേളവാദ്യങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് ജനങ്ങൾ ഘോഷയാത്രയുടെ ഭാഗമായി. 

തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ജാഥാ ക്യാപ്റ്റൻമാരായ വി കെ മധു, ഡോ. കെ വി കുഞ്ഞികൃഷ്ണൻ, സാഹിത്യകാന്മാരായ കെ ഇ എൻ കുഞ്ഞഹമ്മദ്, സി രാധാകൃഷ്ണൻ, പി വി കെ പനയാൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം തങ്കം ടീച്ചർ, കലാമണ്ഡലം നിർവാഹക സമിതി അംഗം ടി കെ വാസു, സാംസ്കാരിക പ്രമുഖർ, ജാഥാംഗങ്ങൾ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date