Skip to main content
കലക്ട്രററ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല വികസന സമിതി യോഗം കലക്ടർ ഹരിത വി കുമാറിന്റെ  അധ്യക്ഷതയിൽ ചേർന്നു

കോവിഡ് വ്യാപനം : കരുതൽ ഡോസ് വാക്‌സിൻ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം 

 

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്‌സിൻ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നിർദ്ദേശം. ജില്ലയിൽ കരുതൽ ഡോസ് എടുക്കേണ്ടവരിൽ 20 ശതമാനം പേർ മാത്രമേ എടുത്തിട്ടുള്ളുവെന്നും വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടർ പറഞ്ഞു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എ സി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഉപയോഗം വ്യാപകമാക്കാൻ ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു.

ഇ ഹെൽത്തുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച തൃശൂർ ഗവ. മെഡിക്കൽ കോളജിനെ യോഗത്തിൽ അഭിനന്ദിച്ചു. ആർദ്രം പദ്ധതി കൊറോണയ്ക്ക് മുൻപ് നടപ്പിലാക്കിയത് പോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ 62 സ്ഥാപനങ്ങളിൽ 13 സ്ഥാപനങ്ങൾ ഒഴികെ എല്ലായിടത്തും മൂന്ന് ഡോക്ടർമാർ വീതം ഉണ്ടെന്നും മൂന്ന് ഡോക്ടർമാർ വീതമുള്ള സ്ഥലങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒപിയും കോവിഡിന് മുൻപേയുള്ള എല്ലാ ആർദ്രം ചികിത്സാ സൗകര്യങ്ങളും ഉണ്ടെന്നും ഡിഎംഒ അറിയിച്ചു. ഡോക്ടർമാർ ഇല്ലാത്ത 13 സ്ഥാപനങ്ങളിലേക്ക് ആർദ്രം പദ്ധതി പ്രകാരം പ്രോജക്ട് വെച്ചുകൊണ്ട് ഡോക്ടർമാരെ നിയമിക്കുവാൻ ജില്ലാ വികസന സമിതി മുഖേന എല്ലാ പഞ്ചായത്തുകളിലേക്കും കത്ത് അയച്ചിട്ടുണ്ട് എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോൾ ഒരുമനയൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും പ്രധാന കുടിവെള്ള സ്രോതസ്സായ കിണറും നഷ്ടമാകുന്നതിനു പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഇവ പൊളിക്കരുതെന്ന് നിർദേശം നൽകി.

 ഓരോ മണ്ഡലത്തിലെയും നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാൻ ഏജൻസികളുടെ യോഗം എംഎൽഎമാരുടെ നേതൃത്വത്തിൽ നടത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഹരിത കേരള മിഷൻ, ആർദ്രം മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ എന്നിവയുടെ അവലോകനവും യോഗത്തിൽ നടന്നു.

 ജില്ലാ കളക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, കെ കെ രാമചന്ദ്രൻ, മുരളി പെരുനെല്ലി, റവന്യു മന്ത്രി കെ രാജന്റെ പ്രതിനിധി ടി ആർ രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി അജിത് കുമാർ കെ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date